പിരിച്ചുവിട്ട നടപടി വിചിത്രം: രാഷ്ട്രീയ പകപ്പോക്കലാണോ എന്ന് സംശയിക്കുന്നു: കഫീൽ ഖാൻ; പിന്തുണയുമായി പ്രിയങ്ക ഗാന്ധി

ന്യൂഡെൽഹി: സർവീസിൽ നിന്നും പിരിച്ചുവിട്ട സർക്കാർ നടപടി വിചിത്രമെന്ന് ഡോ.കഫീൽ ഖാൻ. അനീതിക്കെതിരെ ശബ്ദിക്കുക എന്നത് തൻ്റെ കർമ്മമാണ്. സര്‍ക്കാര്‍ നടപടി രാഷ്ട്രീയ പകപ്പോക്കലാണോ എന്നത് സംശയിക്കേണ്ടിരിക്കുന്നു. മാധ്യമങ്ങളിലൂടെയാണ് സർക്കാർ പിരിച്ചുവിടൽ നടപടി അറിയിക്കുന്നത്. തനിക്ക് നേരിട്ട് ഒരു വിവരവും സർക്കാർ തന്നില്ലെന്നും കഫീൽ ഖാൻ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ബി ആർ ഡി മെഡിക്കൽ കോളേജിലെ ശിശുമരണവുമായി ബന്ധപ്പെട്ടാണ് ഉത്തർപ്രദേശ് സർക്കാരിന്‍റെ നടപടി. ഈ വിഷയവുമായി ബന്ധപ്പെട്ട് 2017 മുതൽ കഫീൽ ഖാൻ സസ്പെൻഷനിലാണ്. സസ്പെൻഷനെതിരായ നിയമ പോരാട്ടം കോടതിയിൽ തുടരവേയാണ് സർക്കാർ കഫീൽ ഖാനെ സർവ്വീസിൽ നിന്ന് പിരിച്ചുവിട്ടത്. പിരിച്ചു വിട്ട ഉത്തരവ് ലഭിച്ചതിന് ശേഷം നിയമ നടപടിയെന്ന് കഫീൽ ഖാൻ പറഞ്ഞു.

പെട്ടെന്ന് സർക്കാർ തന്നെ പുറത്താക്കയതിൻ്റെ കാരണം അറിയില്ലെന്ന് ഡോ.കഫീൽ ഖാൻ പറഞ്ഞു. കുട്ടികളുടെ മരണത്തിന് ഉത്തരവാദി യു പി സർക്കാർ ആണെന്നും യഥാർത്ഥ കുറ്റക്കാരനായ ആരോഗ്യ മന്ത്രി ഇപ്പോളും സ്വതന്ത്രനായി നടക്കുമ്പോഴാണ് തനിക്കെതിരെ നടപടിയെന്നും കഫീൽ ഖാൻ പ്രതികരിച്ചു.

യുപിയിലെ ഗൊരഖ്പുര്‍ ബാബ രാഘവ് ദാസ് മെഡിക്കല്‍ കോളേജില്‍ ശിശുരോഗ വിദഗ്ധനായിരുന്ന ഡോ കഫീല്‍ ഖാൻ ഓക്‌സിജന്‍ ലഭ്യതയുടെ അഭാവത്തെതുടര്‍ന്ന് ആശുപത്രിയിലെ അറുപതിലേറെ കുട്ടികൾ മരിച്ച സംഭവത്തിൽ കുറ്റാരോപിതനായിരുന്നു. ഈ കേസിൽ മാസങ്ങളോളം ഇദ്ദേഹത്തെ ജയിലിൽ അടിച്ചിരുന്നു.

അതേസമയം, ഡോ. കഫീൽ ഖാനെ യുപി സർക്കാർ പിരിച്ചുവിട്ടത് ദുരുദ്ദേശ്യപരമാണെന്നും വിദ്വേഷം അജണ്ടയായി സ്വീകരിച്ച സർക്കാർ ഇതെല്ലാം ചെയ്യുന്നത് അവരെ ഉപദ്രവിക്കാൻ വേണ്ടി മാത്രമാണെന്നും കോൺഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി. ട്വിറ്ററിലൂടെ ആണ് അവർ പ്രതികരിച്ചത്. തങ്ങൾ ഭരണഘടനയ്ക്ക് മുകളിലല്ലെന്ന് സർക്കാർ ഓർക്കണമെന്നും നീതിക്കുവേണ്ടിയുള്ള പോരാട്ടത്തിൽ കോൺഗ്രസ് പാർട്ടി ഡോ. കഫീലിനൊപ്പമാണെന്നും ഉത്തർപ്രദേശിൽ പാർട്ടി ചുമതല വഹിക്കുന്ന പ്രിയങ്ക പ്രതിഷേധ പോസ്റ്റർ സഹിതമുള്ള ട്വിറ്റീൽ പറഞ്ഞു.