കേന്ദ്രസർക്കാരിന്‍റെ കാർഷിക നിയമങ്ങൾക്കെതിരെ 29ന്​ കർഷകരുടെ പാർലമെന്‍റ്​ മാർച്ച്​

ന്യൂഡെൽഹി: കേന്ദ്രസർക്കാരിന്‍റെ മൂന്ന്​ കാർഷിക നിയമങ്ങൾക്കെതിരെ നവംബർ 29ന്​ പാർലമെന്‍റ്​ മാർച്ച്​ നടത്തുമെന്ന് കർഷക സംഘടകൾ. കർഷക സമരം ഒരു വർഷം പിന്നിടുമ്പോഴാണ് കർഷകരുടെ പ്രഖ്യാപനം. മാർച്ച് പോലീസ് തടയുകയാണെങ്കിൽ കുത്തിയിരുന്ന്​ പ്രതിഷേധിക്കുമെന്നും കർഷകർ അറിയിച്ചു.

യുണൈറ്റഡ്​ കിസാൻ മോർച്ചയുടെ ഒമ്പതംഗ കമ്മിറ്റിയാണ്​ തീരുമാനമെടുത്തത്​.ഗാസിപൂർ, തിക്രി അതിർത്തികളിൽ നിന്നും മാർച്ച്​ ആരംഭിക്കും. ട്രാക്​ടറുകളിലായിരിക്കും മാർച്ച്​ ആരംഭിക്കുക. കേന്ദ്രസർക്കാറിന്​ നവംബർ 26 വരെ സമയം നൽകും. നവംബർ 27ന്​ മാർച്ച്​ ആരംഭിക്കുമെന്ന്​ കർഷക സംഘടന നേതാവ്​ രാകേഷ്​ ടിക്കായത്ത്​ പറഞ്ഞു.

നവംബർ 22 ന് നടക്കുന്ന കിസാൻ മഹാ പഞ്ചായത്ത് ചരിത്രമാകും. കർഷക വിരുദ്ധരായ കേന്ദ്ര സർക്കാറിനും മൂന്ന് കരിനിയമങ്ങൾക്കുമുള്ള ശവപ്പെട്ടിയിലെ അവസാന ആണിയാണ് അതെന്ന് തെളിയിക്കും. പൂർവാഞ്ചൽ മേഖലയിൽ കർഷക സമരത്തിൻ്റെ തീവ്രത വർധിപ്പിക്കും’ -ടികായത് ട്വിറ്ററിൽ കുറിച്ചു. കർഷകരുടെ ടെൻറുകളും പ്രക്ഷോഭ സ്ഥലങ്ങളും പൊളിച്ചു നീക്കിയാൽ പൊലീസ് സ്റ്റേഷനുകളും മജിസ്ട്രേറ്റ് ഓഫിസുകളും സമര കേന്ദ്രങ്ങളാക്കി മാറ്റുമെന്നും അദ്ദേഹം പറഞ്ഞു.