രോഗങ്ങൾ മാറുമെന്ന് വിശ്വാസം; ചാണകം കൊണ്ട് ഏറോടേറ്; കർണാടകയിലെ ഗുമ്മട്ടാപുര ഗ്രാമത്തിൽ ഗോരെഹബ്ബ ആഘോഷം

ചെന്നൈ: പരസ്പരം തക്കാളി എറിഞ്ഞ് കളിക്കുന്ന ഒരു ആഘോഷമാണ് സ്പെയിനിലെ ‘ലാ ടൊമാറ്റിന’. എന്നാൽ ദീപാവലി ഉത്സവത്തിന്റെ സമാപനത്തോടനുബന്ധിച്ച് ഇന്ത്യയിലെ ഒരു ഗ്രാമത്തിലും സമാനായ ഒരു ആഘോഷം നടക്കുന്നുണ്ട്. പരസ്പരം ചാണകം വലിച്ചെറിയുന്ന ആഘോഷം.

ഗോരെഹബ്ബ ഉത്സവം’ (Gorehabba festival) എന്നാണ് അത് അറിയപ്പെടുന്നത്. നൂറ് വർഷത്തിലധികം പഴക്കമുള്ള ഈ ഗോരെഹബ്ബ ഉത്സവത്തിൽ ആളുകൾ ചാണകമാണ് പരസ്പരം എറിഞ്ഞു കളിക്കുന്നത്. കർണാടകയുടെയും തമിഴ്‌നാടിന്റെയും അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന ഗുമതാപുരയിലാണ് ഉത്സവം.

ചടങ്ങിൽ പങ്കെടുക്കുന്നവർ പശുക്കളെ വളർത്തുന്ന വീടുകളിൽ പോയി ചാണകം ശേഖരിക്കുന്നു. ട്രാക്ടറുകളിലായി ചാണകം ഗ്രാമത്തിലെ ബീരേശ്വര ക്ഷേത്രത്തിൽ എത്തിക്കുന്നു. അവിടെ വച്ച് പുരോഹിതർ അതിനെ പൂജിച്ചതിന് ശേഷം, തുറസായ സ്ഥലത്തെ ഒരു വലിയ കുഴിയിൽ ചാണകം നിക്ഷേപിക്കുന്നു. തുടർന്ന്, പങ്കെടുക്കുന്നവർ കുഴിയിൽ ഇറങ്ങി ചാണകം പരസ്പരം എറിയുന്നു.

എല്ലാ വർഷവും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ആളുകൾ ഈ ഉത്സവം കാണാൻ ഇവിടെയെത്തി ചേരാറുണ്ട്. ചാണകത്തിന് നിരവധി ആരോഗ്യ ഗുണങ്ങളുണ്ടെന്നാണ് നാട്ടുകാരുടെ വിശ്വാസം. ആർക്കെങ്കിലും രോഗമുണ്ടെങ്കിൽ ഉത്സവത്തിൽ പങ്കെടുത്താൽ രോഗം സുഖപ്പെടുമെന്ന് ഇവിടത്തുകാർ വിശ്വസിക്കുന്നു.

കഴിഞ്ഞ വർഷം 2020 -ൽ, കൊറോണ വൈറസ് പകർച്ചവ്യാധിയുടെ സമയത്തും ഗോരെഹബ്ബ ഉത്സവം സംഘടിപ്പിച്ചിരുന്നു. പ്രാദേശിക ഭരണകൂടം ഇതിന് അനുമതി നൽകിയിരുന്നു. എന്നാൽ, വളരെ കുറച്ച് ആളുകൾ മാത്രമാണ് അന്ന് ഈ പരമ്പരാഗത ഉത്സവത്തിൽ പങ്കെടുത്തത്.