കനത്തമഴയിൽ കരകയറാനാകാതെ ചെന്നൈ ; അടിപ്പാതകൾ അടച്ചു ; നാല് മരണം; ഇന്ന് പൊതു അവധി

ചെന്നൈ: കഴിഞ്ഞ രണ്ട് ദിവസമായി പെയ്ത കനത്ത മഴയിൽ നിന്നുള്ള ആഘാതത്തിൽ നിന്ന് ചെന്നൈ നഗരം ഇനിയും കര കയറിയിട്ടില്ല. ചെന്നൈയിൽ താഴ്ന്ന ഇടങ്ങളിൽ വെള്ളക്കെട്ട് തുടരുകയാണ്. ഇന്ന് പുലർച്ചെ മുതൽ മഴയ്ക്ക് നേരിയ ശമനമുണ്ട്. നഗരത്തിലെ ആറ് അടിപ്പാതകൾ പൂട്ടി. താഴ്ന്ന പ്രദേശങ്ങളായ വെളാച്ചേരി, വ്യാസർപ്പാടി, പെരമ്പലൂർ തുടങ്ങിയ മേഖലകളിൽ നിന്ന് രാത്രിയും ആളുകളെ മാറ്റിപാർപ്പിച്ചു. ഇരുന്നൂറോളം ക്യാമ്പുകളിലായി നൂറ് കണക്കിന് കുടുംബങ്ങളാണ് കഴിയുന്നത്.

ചെന്നൈയിലെ തീവ്ര മഴ വെള്ളിയാഴ്ച വരെ തുടരും. ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ചക്രവാത ചുഴി മൂലമാണ് തുടർച്ചയായി മഴ പെയ്യുന്നത്. മഴ തമിഴ്നാടിന്റെ തെക്കൻ തീരദേശങ്ങളിലേക്കും വ്യാപിച്ചു. പകൽ മഴ മാറി നിൽക്കുമെങ്കിലും രാത്രി കനത്ത മഴയുണ്ടാകും എന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

മഴ മൂലമുണ്ടായ അപകടങ്ങളിൽപ്പെട്ട് മരിച്ചവരുടെ എണ്ണം നാലായതായി തമിഴ്നാട് റവന്യൂമന്ത്രി കെകെഎസ്എസ്ആർ രാമചന്ദ്രൻ അറിയിച്ചു. ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. പ്രധാനമന്ത്രി നരേന്ദ്രമോദി തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിനുമായി സംസാരിച്ചു. എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്തു.

ചെന്നൈ, തിരുവള്ളൂർ, കാഞ്ചീപുരം, ചെങ്കൽപ്പേട്ട് എന്നീ നാല് ജില്ലകളിൽ ഇന്ന് പൊതു അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. സ്കൂളുകൾ ഒരു കാരണവശാലും തുറക്കരുതെന്നും ഉത്തരവുണ്ട്. ശനിയാഴ്ച രാത്രി എട്ടര മുതൽ പുലർച്ചെ അഞ്ച് മണി വരെ 14 സെന്‍റിമീറ്റർ മഴയാണ് നഗരത്തിൽ ലഭിച്ചത്. വേളാച്ചേരി, ഗിണ്ടി, മൗണ്ട് റോഡ്, ഓമന്തുരാർ ആശുപത്രി തുടങ്ങി നിരവധി ഇടങ്ങളിൽ റോഡുകളിൽ വെള്ളം കയറി.

പരമാവധി സംഭരണ ശേഷി എത്തിയതിനെ തുടർന്ന് പുഴൽ, ചെമ്പരമ്പാക്കം അണക്കെട്ടുകളുടെ ഷട്ടർ തുറന്നു. 500 ക്യുസെക്സ് വെള്ളമാണ് ഒഴുക്കി കളയുന്നത്. പ്രദേശത്തുള്ളവർക്ക് ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്.

ചെന്നൈ, കരൂർ, തിരുവള്ളൂർ, പുതുക്കോട്ടൈ, ശിവഗംഗൈ, തിരുച്ചിറപ്പള്ളി, നാമക്കൽ, രാമനാഥപുരം, മധുര, വിരുതുനഗർ, ഈറോഡ് എന്നീ ജില്ലകളിൽ 24 മണിക്കൂറിൽ പെയ്തത് 200 എംഎമ്മിലധികം മഴയാണ്.

ചെന്നൈ നഗരത്തിലേക്കു വെള്ളമെത്തിക്കുന്ന പുഴൽ ,ചെമ്പരപ്പാക്കം തടാകങ്ങൾ അതിവേഗമാണ് നിറയുന്നത്. നിലവിൽ ഇരു തടാകങ്ങളിൽ നിന്നും സെക്കന്റിൽ 2000 ഘനഅടി വെള്ളമാണ് ഒഴുക്കിവിടുന്നത്. മഴ തുടരുകയാണെങ്കിൽ ഒഴുക്കിവിടുന്ന വെള്ളത്തിന്റെ അളവ് വീണ്ടും കൂട്ടും.