പെട്രോളിനും ഡീസലിനും വില കുറച്ച് പഞ്ചാബ്; 70 വർഷത്തിനിടെ ആദ്യമായെന്ന് മുഖ്യമന്ത്രി ചരൺജിത്ത് സിങ് ചന്നി

ചണ്ഡീഗഢ്: പഞ്ചാബിൽ പെട്രോളിനും ഡീസലിനും വില കുറച്ച് സംസ്ഥാന സർക്കാർ. പെട്രോളിന് 10 രൂപയും ഡീസലിന് 5 രൂപയുമാണ് കുറവ് വരുത്തിയത്. 70 വർഷത്തിനിടെ ആദ്യമായാണ് ഇത്തരത്തിലുള്ള വിലകുറയ്ക്കലെന്ന് മുഖ്യമന്ത്രി ചരൺജിത്ത് സിങ് ചന്നി പറഞ്ഞു.

നിലവിൽ രാജ്യത്ത് ഏറ്റവും കുറഞ്ഞ നിരക്കിൽ പെട്രോൾ കിട്ടുക പഞ്ചാബിലാണെന്നും മുഖ്യമന്ത്രി പറഞ്ഞു. അയൽ സംസ്ഥാനമായ ഡെൽഹിയുമായി താരതമ്യം ചെയ്യുമ്പോൾ പഞ്ചാബിൽ പെട്രോൾ വില 9 രൂപ കുറവാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സംസ്ഥാനത്ത് മാസങ്ങൾക്കുള്ളിൽ നിയമസഭ തിരഞ്ഞെടുപ്പ് നേരിടാനിരിക്കെയാണ് സർക്കാരിന്റെ ഈ നടപടി. നേരത്തെ കേന്ദ്ര സർക്കാർ എക്സൈസ് തീരുവ കുറച്ചതുവഴി പെട്രോൾ ലിറ്ററിന് അഞ്ച് രൂപയും ഡീസൽ ലിറ്ററിന് പത്ത് രൂപയും കുറഞ്ഞിരുന്നു. ഇതിന്റെ ചുവടുപിടിച്ച് നിരവധി സംസ്ഥാന സർക്കാരുകൾ പെട്രോളിന്റെയും ഡീസലിന്റെയും വാറ്റ് നികുതി കുറച്ചിരുന്നു.

മൂല്യവർദ്ധിത നികുതി കുറയ്ക്കുന്ന കോൺഗ്രസ് ഭരിക്കുന്ന ആദ്യ സംസ്ഥാനമാണ് പഞ്ചാബ്. എക്സൈസ് തീരുവ കുറച്ചതിന് പിന്നാലെ കേന്ദ്ര ആഹ്വാനം അനുസരിച്ച് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങൾ മൂല്യവർധിത നികുതി കുറിച്ചിരുന്നു. 18 സംസ്ഥാനങ്ങളും ആറ് കേന്ദ്രഭരണ പ്രദേശങ്ങളും വില കുറച്ചു. യുപിയും ഹരിയാനയും കേന്ദ്ര നികുതി കൂടി ഉൾപ്പെടുത്തി 12 രൂപ കുറച്ചെന്നും കേന്ദ്രം ഇന്നലെ അറിയിച്ചിരുന്നു.