ബിഹാറിലെ വിഷമദ്യദുരന്തത്തില്‍ മരിച്ചവർ 68 ആയി

പട്‌ന: ദീപാവലിയോടനുബന്ധിച്ച്‌ ബിഹാറിലുണ്ടായ വിഷമദ്യദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 68 ആയി. ഇന്നലെ സമസ്‌തിപുര്‍ ജില്ലയില്‍ നാലു മരണങ്ങള്‍കൂടി റിപ്പോര്‍ട്ട്‌ ചെയ്‌തതോടെയാണ്‌ മരണസംഖ്യ ഉയര്‍ന്നത്‌.
അതേസമയം, ദുരന്തവുമായി ബന്ധപ്പെട്ട്‌ 60 ഇടങ്ങളില്‍ നടത്തിയ പരിശോധനയില്‍ 19 പേര്‍ അറസ്‌റ്റിലായി.

മദ്യനിരോധനം നിലവിലുള്ള ബിഹാറിലുണ്ടായ ദുരന്തം സംസ്‌ഥാന സര്‍ക്കാരിനെ ആശങ്കയിലാക്കിയിട്ടുണ്ട്‌.നിര്‍ബന്ധിത മദ്യനിരോധനം പുനഃപരിശോധിക്കുമെന്ന്‌ മുഖ്യമന്ത്രി നിതീഷ്‌ കുമാര്‍ പറഞ്ഞു. മുസാഫര്‍പുര്‍ ജില്ലയിലെ രൂപൗലിയില്‍ 33 പേരാണ്‌ ദുരന്തത്തില്‍ മരിച്ചത്‌.

വെസ്‌റ്റ്‌ ചമ്പാരണില്‍ മരണസംഖ്യ 14 ആയും ഗോപാല്‍ഗഞ്ചില്‍ 17 ആയും ഉയര്‍ന്നതായി ജില്ലാ അധികൃതര്‍ അറിയിച്ചു. വെസ്‌റ്റ്‌ ചമ്പാരണിലെ ബെട്ടിയ പട്ടണത്തില്‍ ഏഴു പേര്‍ ചികിത്സയിലുണ്ട്‌. ബിഹാറിലെ മദ്യനിരോധനം സമ്പൂര്‍ണ പരാജയമാണെന്നതിന്റെ ഉദാഹരണമാണ്‌ ദുരന്തമെന്ന്‌ പ്രതിപക്ഷനേതാവ്‌ തേജസ്വി യാദവ്‌ ആരോപിച്ചു.