ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഇന്ത്യാ സന്ദർശനത്തിൽ കേരളവും ഉൾപ്പെടും

ന്യൂഡെൽഹി: ആഗോള കത്തോലിക്കാ സഭാ തലവൻ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഇന്ത്യാ സന്ദർശനത്തിൽ കേരളവും ഉൾപ്പെടുമെന്ന് സൂചന. എപ്പോഴാണ് മാര്‍പാപ്പ ഇന്ത്യ സന്ദർശിക്കുക എന്ന് തീരുമാനമായിട്ടില്ലെങ്കിലും ഇന്ത്യയിലെ കത്തോലിക്കാ സഭാനേതൃത്വം ഏറെ സന്തോഷത്തിലാണ്. മാർപ്പാപ്പയുടെ സന്ദര്‍ശനത്തിനായി കത്തോലിക്കാ സഭാ മേലധ്യക്ഷന്മാരും വിശ്വാസി സമൂഹവും അനേക വർഷങ്ങളായി ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. മാർപ്പാപ്പയുടെ ഇന്ത്യാ സന്ദർശത്തിനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണം മാർപ്പാപ്പ സ്വീകരിച്ചതായാണ് പൊതുവെയുള്ള വിലയിരുത്തൽ.

അര കോടിയിലേറെ വിശ്വാസികളുള്ള സീറോ മലബാര്‍ സഭയുടെയും സീറോ മലങ്കര സഭയുടെയും ആസ്ഥാനം കേരളത്തിലാണ്. ലത്തീന്‍ കത്തോലിക്കാ വിഭാഗവും സംസ്ഥാനത്തു പ്രബലമാണ്. വിശുദ്ധ സിസ്റ്റര്‍ അല്‍ഫോന്‍സ മുതല്‍ ചാവറ കുര്യാക്കോസ് ഏലിയാസച്ചന്‍, എവുപ്രാസിയാമ്മ, മറിയം ത്രേസ്യ എന്നീ പുണ്യാത്മക്കളുടെയെല്ലാം നാടാണു കേരളം.

വിശുദ്ധ അല്‍ഫോന്‍സാമ്മയും വാഴ്ത്തപ്പെട്ട തേവര്‍പറമ്പില്‍ കുഞ്ഞച്ചനും ധന്യന്‍ മാത്യു കദളിക്കാട്ടില്‍ അച്ചനും അടക്കമുള്ളവര്‍ ആഗോള കത്തോലിക്കാ സഭയ്ക്കുള്ള പാലായുടെ സമ്മാനങ്ങളാണ്. ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പാലാ, ഭരണങ്ങാനം സന്ദര്‍ശനത്തിനായി വിശ്വാസി സമൂഹം പ്രാര്‍ഥനയോടെ പ്രതീക്ഷയര്‍പ്പിച്ചിരിക്കുകയാണ്. പാലാ കൂടാതെ കൊച്ചി, തൃശൂർ, തലശ്ശേരി, തിരുവനന്തപുരം എന്നിവിടങ്ങളും മാർപ്പാപ്പ സന്ദർശിക്കുമെന്ന് വിവിധ സഭാപിതാക്കൻമാർ പ്രത്യാശയോടെ കരുതുന്നു.