ഒളിമ്പിക്സ് മെഡൽ ജേതാക്കളായ പിആർ ശ്രീജേഷ്, നീരജ് ചോപ്ര എന്നിവരടക്കം 12 പേർക്ക് ഖേൽരത്ന പുരസ്കാരം

ന്യൂഡെൽഹി: ടോക്യോ ഒളിമ്പിക്സിലെ വെങ്കല മെഡൽ ജേതാവും ഇന്ത്യൻ ഹോക്കി ഗോൾകീപ്പറും മലയാളിയുമായ പി.ആർ ശ്രീജേഷ്, ഒളിമ്പിക്സ് സ്വർണമെഡൽ ജേതാവ് നീരജ് ചോപ്ര എന്നിവരടക്കം 12 പേർക്ക് ഖേൽരത്ന പുരസ്കാരം. രാജ്യത്തെ പരമോന്നത കായിക ബഹുമതിയായ മേജർ ധ്യാൻചന്ദ് ഖേൽരത്ന പുരസ്കാരം ഈ മാസം സമ്മാനിക്കും.

പാരലിമ്പ്യൻമാരായ അവാനി ലേഖര, സുമിത് അന്റിൽ, പ്രമോദ് ഭഗത്, കൃഷ്ണ നഗർ, മനീഷ് നർവാൾ, വനിതാ ക്രിക്കറ്റ് താരം മിതാലി രാജ്, ഫുട്ബോൾ താരം സുനിൽ ഛേത്രി, ഹോക്കി താരം മൻപ്രീത് സിങ് എന്നിവരും അവാർഡ് ജേതാക്കളായി.

കെ.എം. ബീനാമോളും അഞ്ജു ബോബി ജോർജുമാണ് മുമ്പ് ഖേൽരത്ന പുരസ്കാരം നേടിയ മലയാളി താരങ്ങൾ. ഖേൽരത്ന അവർഡ് നേടുന്ന മൂന്നാമത്തെ മലയാളിയാണ് ശ്രീജേഷ്. ടോക്യോ ഒളിമ്പിക്സിൽ ഇന്ത്യ വെങ്കല മെഡൽ നേടുന്നതിന് ശ്രീജേഷിന്റെ സേവുകൾ നിർണായകമായിരുന്നു.