പാറ്റ്ന: ആറു പേരുടെ മരണത്തിനിടയാക്കിയ 2013 ലെ പാറ്റ്ന സ്ഫോടന പരമ്പരക്കേസിൽ നാല് പേർക്ക് വധശിക്ഷ വിധിച്ച് എൻഐഎ കോടതി. രണ്ട് പേർക്ക് ജീവപര്യന്തം തടവും രണ്ട് പേർക്ക് 10 വർഷം തടവും കോടതി വിധിച്ചു. ഒരു പ്രതിക്ക് ഏഴുവർഷം തടവുശിക്ഷയാണ് കോടതി വിധിച്ചത്.
2013 ഒക്ടോബർ 27നാണ് സ്ഫോടനം നടന്നത്. അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയുടെ റാലി നടന്ന സ്ഥലത്താണു സ്ഫോടനമുണ്ടായത്. മണിക്കൂറുകളുടെ വ്യത്യാസത്തിൽ ഏഴു സ്ഫോടനങ്ങളാണ് അന്നു നടന്നത്. അന്ന് സ്ഫോടനത്തിലും ഭയന്നോടുന്നതിനിടെ നടന്ന തിക്കിലും തിരക്കിലും പെട്ട് ആറ് പേർ മരിക്കുകയും 90 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
കേസിൽ പതിനൊന്നു പേർക്കെതിരേ എൻഐഎ കുറ്റപത്രം സമർപ്പിച്ചിരുന്നു. തെളിവുകളുടെ അഭാവത്തിൽ പ്രത്യേക എൻഐഎ കോടതി ജഡ്ജി ഗുർവീന്ദർ മഹോത്ര ഒരാളെ കുറ്റവിമുക്തനാക്കി. പ്രതികളിൽ ഉൾപ്പെട്ട പ്രായപൂർത്തിയാകാത്തയാളെ സംഭവത്തിൽ കുറ്റക്കാരനെന്ന് കണ്ട് മൂന്ന് വർഷത്തെ തടവിന് ജുവനൈൽ ജസ്റ്റിസ് ബോർഡ് ശിക്ഷിച്ചിരുന്നു.
ബിജെപിയുടെ പ്രധാനമന്ത്രിസ്ഥാനാർഥിയായി നരേന്ദ്ര മോദിയെ പ്രഖ്യാപിച്ചശേഷം ഗാന്ധി മൈതാനിയിൽ നടന്ന ഹുങ്കാർ റാലിയിലാണ് സ്ഫോടനമുണ്ടായത്. പാറ്റ്ന റയിൽവെ സ്റ്റേഷനിൽ രാവിലെ പത്തോടെയാണ് ആദ്യത്തെ സ്ഫോടനം നടന്നത്. അവശേഷിച്ചവ ഗാന്ധി മൈതാനത്തായിരുന്നു. മോദി പ്രസംഗിച്ച വേദിയിൽ നിന്നും 150 മീറ്റർ ദൂരെയാണ് രണ്ട് സ്ഫോടനങ്ങൾ നടന്നത്.
ഈ സമയത്ത് മോദിയും ബിജെപി നേതാക്കളും സ്ഥലത്തുണ്ടായിരുന്നില്ല. സ്ഫോടനത്തിന് ശേഷം സ്ഥലത്ത് നടത്തിയ തെരച്ചിലിൽ നാല് ബോംബുകൾ കൂടി കണ്ടെത്തിയിരുന്നു.