ബംഗളൂരു: രാജ്യത്തെ സിനിമാസ്വാദാകരേയും സിനിമാപ്രവര്‍ത്തകരേയും ഒരുപോലെ ഞെട്ടിച്ച വിയോഗമാണ് കന്നഡ താരം പുനീത് രാജ്കുമാറിന്റേത്. ഹൃദയാഘാത്തെ തുടര്‍ന്ന് അദ്ദേഹം മരണമടഞ്ഞപ്പോള്‍ അത് വിശ്വസിക്കാനാകാത്ത ആരാധകരെയാണ് നാം കണ്ടത്. അഭിനയത്തോടൊപ്പം തന്നെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു അദ്ദേഹം.
കര്‍ണാടകയിലെ ജനതയ്ക്ക് നിരവധി സഹായങ്ങളാണ് അദ്ദേഹം നല്‍കിയിരുന്നത്. പുനീത് വിദ്യാഭ്യാസ സഹായം ചെയ്തു വന്ന 1800 വിദ്യാര്‍ഥികളുടെ മുന്നോട്ടുള്ള പഠനത്തിന് ആവശ്യമുള്ള മുഴുവന്‍ സഹായവും നടന്‍ വിശാല്‍ ഏറ്റെടുക്കാന്‍ സന്നദ്ധത അറിയിച്ചു. അടുത്ത അധ്യായന വര്‍ഷം മുതല്‍ ആ കുട്ടികളുടെ വിദ്യാഭ്യാസ ചിലവ് വിശാല്‍ വഹിക്കും. വിശാല്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്.
ഇതുകൂടാതെ 26 അനാഥാലയങ്ങള്‍, 25 സ്കൂളുകള്‍, 16 വൃദ്ധ സദനങ്ങള്‍, 19 ഗോശാല, 1800 വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസം എന്നീ നിരവധി സാമൂഹ്യ സേവനങ്ങളായിരുന്നു പുനീത് ചെയ്തുവന്നിരുന്നത്. ഒപ്പം മൈസൂരില്‍ ‘ശക്തിദാ’മ എന്ന വലിയ സംഘടനയും അവിടെ പെണ്‍കുട്ടികളെ പരിചരിക്കുകയും ചെയ്തിരുന്നു. കോറോണ കാലത്ത് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 50 ലക്ഷം രൂപയാണ് പുനീത് നല്‍കിയിരുന്നത്. കര്‍ണാടകയിലെ പ്രളയസമയത്ത് ദുരിതാശ്വാസ പ്രവര്‍ത്തനത്തിനും പുനീത് പണം നല്‍കിയിരുന്നു. സ്വന്തം നിര്‍മാണകമ്പനികള്‍ക്കല്ലാത്ത സിനിമകള്‍ക്കായി പാടുന്നതിന് ലഭിക്കുന്ന പ്രതിഫലവും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി പുനീത് മാറ്റിവെക്കാറുണ്ട്. നടന്റെ വിയോഗത്തോടെ ഇതെല്ലാം ഇനി ആര് നടത്തുമെന്ന ചോദ്യവും ഉയരുന്നുണ്ട്.
ഹൃദയാഘാതത്തെ തുടര്‍ന്ന് ബെംഗളൂരുവിലെ വിക്രം ആശുപത്രിയില്‍ കഴിയവെയായിരുന്നു പുനീതിന്റെ അന്ത്യം. അദ്ദേഹത്തിന്റെ സഹോദരനും സിനിമാതാരവുമായ ശിവരാജ്കുമാറും, സിനിമാ താരം യഷും മരണസമയത്ത് പുനീതിനൊപ്പം ഉണ്ടായിരുന്നു. കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മ ഉള്‍പ്പടെ നിരവധിപ്പേരാണ് പുനീതിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് രംഗത്തെത്തിയത്.