ദളിതർക്കെതിരെ അതിക്രമങ്ങൾ ; ഗുജറാത്തിൽ സമരം പ്രഖ്യാപിച്ച് ജിഗ്നേഷ് മേവാനി; ദളിതരുമൊന്നിച്ച് ക്ഷേത്രത്തിൽ പ്രവേശിക്കും

ഗാന്ധിനഗർ: ഗുജറാത്തിലെ കച്ചിലെ നേർ ഗ്രാമത്തിൽ ദളിത് കുടുംബത്തിലെ ആറ് പേർക്കെതിരെ നടന്ന ആക്രമണത്തെ തുടർന്ന് തൊട്ടുകൂടായ്‌മക്കും ദളിതർക്കെതിരെയുള്ള അതിക്രമങ്ങൾക്കെതിരെയും സമരം പ്രഖ്യാപിച്ച് ജിഗ്നേഷ് മേവാനി. പ്രതിഷേധത്തിന്റെ ഭാഗമായി നാളെ അദ്ദേഹം ദളിതരുമൊന്നിച്ച് വർണുൻ ഗ്രാമത്തിലെ ക്ഷേത്രത്തിൽ പ്രവേശിക്കും.

ദളിതർക്കെതിരെ എന്തെങ്കിലും അതിക്രമം ഉണ്ടാവുകയോ കൊല്ലപ്പെടുകയോ ചെയ്താൽ മാത്രമേ പൊലീസ് ഇടപെടൽ ഉണ്ടാകുന്നുള്ളൂ എന്നാരോപിച്ച മേവാനി സംസ്ഥാനം ഭരിക്കുന്ന ബി.ജെ.പി യെയും രൂക്ഷമായി വിമർശിച്ചു. ” ക്ഷേത്രങ്ങളുടെ പേരിൽ രാജ്യമാകെ രാഷ്ട്രീയം കളിക്കുന്ന നിങ്ങൾ ഗുജറാത്തിലെ ക്ഷേത്രങ്ങളിൽ ദലിതർക്ക് പ്രവേശനം നിഷേധിക്കുന്നതിൽ എന്ത് നടപടിയാണെടുത്തത്?.

കച്ച് ജില്ലയിൽ തന്നെ 1500 ഓളം ഏക്കർ ദലിതരുടെ ഭൂമിയാണ് ഉയർന്ന ജാതിക്കാരുടെ കൈവശമുള്ളത്. അനധികൃത കുടിയേറ്റം ഒഴിപ്പിക്കാൻ രാഷ്ട്രീയ-ഭരണ നേതൃത്വങ്ങൾ ഒന്നും ചെയ്യുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഇതിൽ പ്രതിഷേധിച്ച് ദലിതരുടെ ഭൂമിയിൽ നിർമിച്ച ക്ഷേത്രത്തിൽ തങ്ങൾ പ്രവേശിക്കുമെന്ന് മേവാനി അറിയിച്ചു.

” ഞങ്ങൾ അവിടെ എത്തുന്നതിന് മുൻപ് പൊലീസും ഭരണനേതൃത്വവും ഭൂമി അതിന്റെ യഥാർത്ഥ ഉടമകൾക്ക് തിരികെ നൽകണമെന്നാണ് ഞങ്ങളുടെ പ്രതീക്ഷ.” – അദ്ദേഹം പറഞ്ഞു. ഗുജറാത്തിൽ എവിടെ എങ്കിലും ജാതീയമായ വിവേചനം അനുഭവിക്കുന്നുണ്ടെങ്കിൽ തന്നെ അറിയിക്കണമെന്നും ഗുജറാത്തിലെ എം.എൽ.എ കൂടിയായ ജിഗ്നേഷ് മേവാനി പറഞ്ഞു.