പ്രധാനമന്ത്രി- മാര്‍പാപ്പ കൂടിക്കാഴ്ച്ച ഇന്ന്; ജി20 ഉച്ചകോടിക്കും ഇന്ന് തുടക്കം

നൃൂഡെല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ഫ്രാന്‍സിസ് മാര്‍പാപ്പയുമായി കൂടിക്കാഴ്ച്ച നടത്തും. സെന്റ്പീറ്റേഴ്സ് ബസലിക്കയ്ക്ക് സമീപത്ത് വത്തിക്കാന്‍ പാലസിലായിരിക്കും കൂടിക്കാഴ്ച നടക്കുക. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് കൂടിക്കാഴ്ച നടക്കുന്നത്. മോദി മാര്‍പാപ്പയെ ഇന്ത്യയിലേക്ക് ക്ഷണിക്കുമെന്നാണ് പ്രതീക്ഷ. ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ച്ചയോടെ വത്തിക്കാനും ഇന്ത്യയും തമ്മിലുള്ള ബന്ധത്തില്‍ ഒരു പുതിയ തുടക്കമാകുമെന്നാണ് വിലയിരുത്തല്‍.

മാര്‍പാപ്പയെ സന്ദര്‍ശിക്കുന്ന അഞ്ചാമത്തെ ഇന്ത്യന്‍ പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദി. നെഹ്റു, ഇന്ദിരാഗാന്ധി, ഐ കെ ഗുജ്റാള്‍, എ ബി വാജ്പേയി എന്നിവരാണ് ഇതിന് മുമ്പേ മാര്‍പാപ്പയെ സന്ദര്‍ശിച്ചത്. രണ്ട് പതിറ്റാണ്ടിന് ശേഷമാണ് ഇന്ത്യയുടെ ഒരു പ്രധാനമന്ത്രിയും മാര്‍പാപ്പയും നേരിട്ട് കൂടിക്കാഴ്ച്ച നടത്തുന്നത്.

ജി-20 ഉച്ചകോടിക്കും ഇന്ന് തുടക്കമിടും. ജി-20 ഉച്ചകോടിയില്‍ പങ്കെടുക്കാനായി ഇന്നലെയാണ് പ്രധാനമന്ത്രി റോമിലെത്തിയത്. കാലാവസ്ഥ വ്യതിയാനം, കൊറോണ, കൊറോണ മഹാമാരിയ്ക്ക് ശേഷമുളള സാമ്പത്തിക രംഗം എന്നിവയാണ് ഉച്ചകോടിയില്‍ ചര്‍ച്ച ചെയ്യുന്നത്.

ഇറ്റാലിയന്‍ പ്രധാനമന്ത്രി മാരിയോ ദ്രാഗിയുമായും പ്രധാനമന്ത്രി ഇന്നലെ കൂടിക്കാഴ്ച നടത്തിയിരുന്നു. പ്രധാനമന്ത്രിയും മാരിയോയും തമ്മിലുളള ആദ്യ കൂടിക്കാഴ്ച ആയിരുന്നു ഇന്നലെ നടന്നത്. യൂറോപ്യന്‍ കൗണ്‍സില്‍ പ്രസിഡന്റ് ചാള്‍സ് മൈക്കല്‍, പ്രസിഡന്റ് ഉര്‍സുല വോണ്‍ ദെര്‍ ലെയെന്‍ എന്നിവരുമായും പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തിയിരുന്നു.