രണ്ടാം ക്ലാസുകാര​നെ ടെറസിനുമുകളില്‍ നിന്ന്​​ തലകീഴായി പിടിച്ചു ; ഞെട്ടിക്കുന്ന സംഭവത്തില്‍ അധ്യാപകന്‍ അറസ്​റ്റില്‍

ന്യൂഡെല്‍ഹി: വിദ്യാര്‍ഥിയെ ടെറസിനുമുകളില്‍ കൊണ്ടുപോയി തലകീഴായി പിടിച്ച്‌ താഴേക്കിടുമെന്ന്​ ഭീഷണിപ്പെടുത്തിയ അധ്യാപകന്‍ അറസ്​റ്റില്‍. ​യുപിയിലെ മിര്‍സാപൂരിലെ സ്‌കൂളിലാണ്​ സംഭവം. കുട്ടിയെ തലകീഴായി പിടിച്ചിരിക്കുന്ന ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ്​ പൊലീസ്​ നടപടി എടുത്തത്​. പ്രധാന അധ്യാപകന്‍ മനോജ്​ വിശ്വകര്‍മയാണ്​ അറസ്​റ്റിലായത്​.

വ്യാഴാഴ്​ച ഉച്ചഭക്ഷണ ഇടവേളയില്‍ വിദ്യാര്‍ഥികള്‍ പുറത്ത് കളിച്ചു കൊണ്ടിരിക്കുമ്പോഴാണ്​ അധ്യാപക​ൻ്റെ അതിക്രമം അരങ്ങേറിയത്​. മറ്റൊരു വിദ്യാര്‍ഥിയെ കടിച്ചതിന് മാപ്പ്​ ചോദിക്കണമെന്ന്​ പറഞ്ഞായിരുന്നു വിദ്യാര്‍ഥിയെ തലകീഴായി പിടിച്ചത്​. സോനു യാദവ്​ എന്ന രണ്ടാം ക്ലാസുകാരനായിരുന്നു ഇര.​ സോനുവിനെ ബലമായി പിടിച്ച്‌ മുകളിലത്തെ നിലയിലേക്ക് വലിച്ചിഴച്ചു. ‘സോറി’ പറഞ്ഞില്ലെങ്കില്‍ താഴെയിടുമെന്ന് മറ്റ്​ വിദ്യാര്‍ഥികള്‍ നോക്കിനില്‍ക്കെ ഭീഷണിപ്പെടുത്തി.

സോനുവി​ൻ്റെ നിലവിളികേട്ട്​ കൂടുതല്‍ കുട്ടികള്‍ തടിച്ചുകൂടിയ ശേഷമാണ് സോനുവിനെ വിട്ടയച്ചത്. ജുവനൈല്‍ ജസ്റ്റിസ് ആക്​ട്​ വകുപ്പുകള്‍ പ്രകാരമാണ്​ അധ്യാപകനെ അറസ്​റ്റ്​ ചെയ്​തത്​. ‘സോനു വളരെ വികൃതിയാണ്. അവന്‍ കുട്ടികളേയും അധ്യാപകരെയും കടിക്കുന്നു. അവനെ തിരുത്താന്‍ അവന്റെ പിതാവ് തന്നെയാണ്​ ഞങ്ങളോട് ആവശ്യപ്പെട്ടത്​. അതിനാല്‍ ഞങ്ങള്‍ അവനെ ഭയപ്പെടുത്താന്‍ ശ്രമിച്ചതാണ്​’-പ്രതിയായ മനോജ്​വിശ്വകര്‍മ പറയുന്നു.

പ്രധാനാധ്യാപകന്റെ പ്രവൃത്തി തെറ്റായിരുന്നുവെന്നും എന്നാല്‍ അദ്ദേഹം സ്‌നേഹം കൊണ്ടാണ് അങ്ങിനെ പെരുമാറിയതെന്നും മകന്​ പ്രശ്‌നമൊന്നുമില്ലെന്നും തങ്ങള്‍ക്ക്​ പരാതിയില്ലെന്നും കുട്ടിയുടെ പിതാവ് രഞ്ജിത് യാദവും പറയുന്നു.