ബിനീഷ് കോടിയേരി ഇന്നു ജയില്‍ മോചിതനാകും

ബംഗ്ലൂരൂ: ലഹരിമരുന്ന് ഇടപാടിന്റെ മറവില്‍ കള്ളപ്പണം വെളുപ്പിച്ചെന്ന കേസില്‍ ജാമ്യം ലഭിച്ച ബിനീഷ് കോടിയേരി ഇന്നു ജയില്‍ മോചിതനാകും. കര്‍ണാടക ഹൈക്കോടതിയുടെ ഉത്തരവ് രാവിലെ വിചാരണക്കോടതിയില്‍ ഹാജരാക്കി. ജാമ്യക്കാരുടെ വിവരങ്ങളും കൈമാറി. വിചാരണക്കോടതിയുടെ വിടുതല്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങി വൈകിട്ടോടെ ബിനീഷിനെ പുറത്തിറക്കാനുള്ള തയാറെടുപ്പിലാണ് കുടുംബം. ബിനീഷിനെ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് അറസ്റ്റു ചെയ്തിട്ട് ഇന്ന് ഒരുവര്‍ഷം തികയുകയാണ്.

5 ലക്ഷം രൂപയുടെ 2 ആൾജാമ്യത്തിനു പുറമേ, രാജ്യം വിടരുത്, വിചാരണക്കോടതിയിൽ കൃത്യമായി ഹാജരാകണം തുടങ്ങിയവയാണു നിബന്ധനകൾ. 2020 ഒക്ടോബർ 29ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അറസ്റ്റ് ചെയ്ത ബിനീഷ് നവംബർ 11 മുതൽ പാരപ്പന അഗ്രഹാര സെൻട്രൽ ജയിലിൽ വിചാരണത്തടവിലാണ്.

2020 ഓഗസ്റ്റിൽ കൊച്ചി സ്വദേശി അനൂപ് മുഹമ്മദ്, തൃശൂർ തിരുവില്വാമല സ്വദേശി റിജേഷ് രവീന്ദ്രൻ, കന്നഡ സീരിയൽ നടി ഡി.അനിഖ എന്നിവരെ ലഹരിക്കേസിൽ നർകോട്ടിക്സ് കൺട്രോൾ ബ്യൂറോ (എൻസിബി) അറസ്റ്റ് ചെയ്തതാണു തുടക്കം. അനൂപിനെ ചോദ്യം ചെയ്തപ്പോൾ ആദായ നികുതി നൽകാതെയുള്ള ഇടപാടുകളെക്കുറിച്ചു സൂചന ലഭിക്കുകയും ബിനീഷിന്റെ പേര് ഉയർന്നു വരികയും ചെയ്തതോടെ ഇഡി കേസ് റജിസ്റ്റർ ചെയ്തു.

കഴിഞ്ഞവർഷം നവംബറിൽ അറസ്റ്റ് ചോദ്യം ചെയ്തു ഹൈക്കോടതിയിൽ ഹർജി നൽകിയെങ്കിലും അനുകൂല നടപടിയുണ്ടായിരുന്നില്ല. തുടർന്ന്, കഴിഞ്ഞ ഡിസംബറിലും ഈ ഫെബ്രുവരിയിലും വിചാരണക്കോടതി ജാമ്യഹർജി തള്ളി. ഏപ്രിലിൽ ആണു ഹൈക്കോടതിയെ സമീപിച്ചത്. 7 മാസത്തിനിടെ 3 ബെഞ്ചുകൾ വാദം കേട്ടു.

അർബുദം ബാധിച്ച് ഗുരുതരാവസ്ഥയിലുള്ള അച്ഛൻ കോടിയേരി ബാലകൃഷ്ണനെ സന്ദർശിക്കാനെന്ന ആവശ്യമുന്നയിച്ചു സമർപ്പിച്ച ഇടക്കാല ജാമ്യഹർജിയും അനുവദിച്ചിരുന്നില്ല. വെള്ളിയാഴ്ച പ്രത്യേക വിഡിയോ കോൺഫറൻസിങ്ങിലൂടെ ജസ്റ്റിസ് എം.ജി. ഉമയാണ് വിധി പറഞ്ഞത്. ഇഡിക്കു വേണ്ടി അഡീഷനൽ സോളിസിറ്റർ ജനറൽ അമൻ ലേഖിയും ബിനീഷിനായി സുപ്രീം കോടതി മുതിർന്ന അഭിഭാഷകൻ ഗുരു കൃഷ്ണകുമാറും ഹൈക്കോടതിയിൽ ഹാജരായി.