പതിറ്റാണ്ടുകളോളം ബിജെപി എവിടെയും പോകില്ല; മോദിയുടെ ശക്തിക്ഷയിക്കും വരെ സമയമുണ്ടെന്നത് രാഹുലിന്റെ മിഥ്യാധാരണയെന്ന് പ്രശാന്ത് കിഷോര്‍

പനാജി: ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ബിജെപി കേന്ദ്രബിന്ദുവായി തന്നെ പതിറ്റാണ്ടുകളോളം നിലനില്‍ക്കുമെന്ന് രാഷ്ട്രീയ തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍. വിജയവും പരാജയവും ഉണ്ടാകാം. അത് ഇക്കാര്യത്തില്‍ ഒരു ഘടകമല്ല, എന്നാല്‍ ബിജെപി ഇല്ലാതാവില്ല. പക്ഷേ കോണ്‍ഗ്രസോ രാഹുല്‍ ഗാന്ധിയോ ഇക്കാര്യം മനസിലാക്കുന്നില്ലെന്നും പ്രശാന്ത് കിഷോര്‍ പറഞ്ഞു. ഗോവയില്‍ നടന്ന ഒരു പൊതുപരിപാടിയില്‍ ചോദ്യോത്തര വേളയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബിജെപിക്ക് മേല്‍ വിജയം നേടാന്‍ കോണ്‍ഗ്രസിന് കഴിയാത്തതിന്റെ ഒരു പ്രധാന കാരണം രാഹുലിന്റെ തെറ്റിധാരണയാണെന്നും പ്രശാന്ത് കിഷോര്‍ രൂക്ഷ വിമര്‍ശനം ഉന്നയിച്ചു. ”നരേന്ദ്രമോദിയെ ജനങ്ങള്‍ ഉടന്‍ തള്ളിക്കള്ളയുമെന്നാണ് രാഹുല്‍ കരുതുന്നത്. അവിടെയാണ് രാഹുല്‍ ഗാന്ധിയുടെ പ്രശ്നം. അത് സംഭവിക്കില്ല. മോദിയുടെ ശക്തിക്ഷയിക്കും വരെ സമയമുണ്ടെന്നത് രാഹുലിന്റെ മിഥ്യാധാരണയാണ്’- രാഷ്ട്രീയ തന്ത്രജ്ഞന്‍ പറയുന്നു.

വരാനിരിക്കുന്ന ഗോവ നിയമസഭാ തെരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസിന്‌റെ ബുദ്ധി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന പ്രശാന്ത് കിഷോര്‍, സ്വാതന്ത്ര്യത്തിന് ശേഷം 40 വര്‍ഷത്തോളം കോണ്‍ഗ്രസ് നിലനിന്നിരുന്നത് പോലെ വിജയിച്ചാലും പരാജയപ്പെട്ടാലും ബിജെപി ഉണ്ടാകുമെന്ന് വ്യക്തമാക്കുകയാണ്. മോദിക്കെതിരെയുള്ള ജനവികാരമെന്ന ഈ കെണിയില്‍ ഒരിക്കലും വീഴരുതെന്നും കോണ്‍ഗ്രസിനെ ഓര്‍മ്മപ്പെടുത്തുന്നു.

”നിങ്ങള്‍ വോട്ടര്‍മാരുടെ തലത്തില്‍ നോക്കിയാല്‍, ഇത് മൂന്നിലൊന്നിനും മൂന്നില്‍ രണ്ടിനും ഇടയിലുള്ള പോരാട്ടമാണ്. മൂന്നിലൊന്ന് ആളുകള്‍ മാത്രമാണ് ബിജെപിക്ക് വോട്ട് ചെയ്യുന്നത് അല്ലെങ്കില്‍ ബിജെപിയെ പിന്തുണയ്ക്കാന്‍ ആഗ്രഹിക്കുന്നത്. ബാക്കി മൂന്നില്‍ രണ്ട് ഭാഗവും 10, 12 അല്ലെങ്കില്‍ 15 രാഷ്ട്രീയ പാര്‍ട്ടികള്‍ക്കായി വിഭജിക്കപ്പെടുന്ന വിധത്തില്‍ ഛിന്നഭിന്നമാണ് എന്നതാണ് പ്രശ്‌നം, അത് പ്രധാനമായും കോണ്‍ഗ്രസിന്റെ പതനമാണ്,” -പ്രശാന്ത് കിഷോര്‍ പറഞ്ഞു.

ഒരുഭരണ വിരുദ്ധ വികാരം ഉണ്ടാകുമെന്നാണ് കോണ്‍ഗ്രസ് ഇപ്പോഴും ഉറച്ച് വിശ്വസിക്കുന്നത്. കോണ്‍ഗ്രസിലെ ഏതെങ്കിലും നേതാവുമായോ പ്രാദേശിക നേതാവുമായോ സംസാരിച്ചാലും അവര്‍ ഇത് തന്നെ പറയും. ആളുകള്‍ മോദിയെ പുറത്താക്കുമെന്ന്. എന്നാല്‍ നരേന്ദ്ര മോദിയുടെ ശക്തി മനസിലാക്കുകയോ പരിശോധിക്കുകയോ ചെയ്യാത്തപക്ഷം അദ്ദേഹത്തെ പരാജയപ്പെടുത്താനും പകരം വെയ്ക്കാനും കഴിയില്ലെന്ന് പ്രശാന്ത് കിഷോര്‍ പറഞ്ഞു. കോണ്‍ഗ്രസിനുള്ള ഒരു പരോക്ഷ താക്കീത് എന്ന നിലായിലായിരുന്നു പ്രശാന്ത് കിഷോറിന്റെ ഈ പ്രസ്താവന.

അദ്ദേഹത്തെ ജനപ്രിയനാക്കുന്നത് എന്താണെന്ന് മനസിലാക്കുന്നതിനും കോണ്‍ഗ്രസ് വേണ്ടത്ര സമയം ചെലവഴിക്കുന്നില്ല എന്നതാണ് പ്രശ്നമെന്നും പ്രശാന്ത് കിഷോര്‍ കൂട്ടിച്ചേര്‍ത്തു. നേരത്തെ പ്രശാന്ത് കിഷോര്‍ കോണ്‍ഗ്രസുമായി സഹകരിച്ചേക്കുമെന്ന് വാര്‍ത്തകളുണ്ടായിരുന്നുവെങ്കിലും അത് നിഷേധിക്കുന്ന നിലപാട് അദ്ദേഹം സ്വീകരിച്ചത്. എന്നാല്‍, അതിനിടെ കോണ്‍ഗ്രസിനെ വിമര്‍ശിച്ച് അദ്ദേഹം രംഗത്തെത്തുകയായിരുന്നു.