യാത്രക്കാരെ വഴിയില്‍ തടഞ്ഞു നിര്‍ത്തി ഫോണ്‍ പിടിച്ചു വാങ്ങി വാട്‌സ്ആപ്പ് ചാറ്റ് അടക്കം പരിശോധിച്ച് പൊലീസ്

ഹൈദരാബാദ്: യാത്രക്കാരെ വഴിയില്‍ തടഞ്ഞ് ഫോണുകള്‍ പിടിച്ചുവാങ്ങി പരിശോധന നടത്തി പൊലീസ്. കഞ്ചാവ് അടക്കമുള്ള മയക്കുമരുന്ന് സംബന്ധിച്ച് ചാറ്റ് ചെയ്യുന്നുണ്ടോ എന്ന് പരിശോധിക്കാനായി ഹൈദരാബാദ് പൊലീസ് സ്വീകരിച്ച നടപടി ഒടുവില്‍ വിവാദമായിരിക്കുകയാണ്.

ഹൈദരാബാദില്‍ കഞ്ചാവ് കടത്തോ കഞ്ചാവിന്റെ ഉപയോഗമോ നടത്താന്‍ അനുവദിക്കരുതെന്ന കമ്മീഷണര്‍ ഓഫീസിന്റെ കര്‍ശന നിര്‍ദ്ദേശത്തെ തുടര്‍ന്നായിരുന്നു യാത്രക്കാരുടെ ഫോണ്‍ പിടിച്ചുവാങ്ങിയുള്ള ഈ പരിശോധന. ഫോണ്‍ വാങ്ങിയ ശേഷം സേര്‍ച്ച് ബോക്സില്‍ കഞ്ചാവ് പോലുള്ള വാക്കുകള്‍ ടൈപ്പ് ചെയ്ത് അതുമായി ബന്ധപ്പെട്ട ചാറ്റ് നടത്തിയിട്ടുണ്ടോ എന്നാണ് പരിശോധിക്കുന്നത്.

പൊലീസ് നടത്തിയ പരിശോധനയുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായി മാറിയിരിക്കുകയാണ്. ഇതോടെയാണ് സംഭവം വിവാദമായത്. വിവിധ കോണുകളില്‍ നിന്ന് കടുത്ത വിമര്‍ശനവും ഉയര്‍ന്നിട്ടുണ്ട്.
സ്വകാര്യതയുടെ പരസ്യമായ ലംഘനമാണ് പൊലീസ് നടപടിയെന്നാണ് വിമര്‍ശനം. കഞ്ചാവ് മയക്കുമരുന്ന് വിരുദ്ധ വേട്ടയുടെ ഭാഗമായി നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചാണ് പരിശോധന നടത്തുന്നത്.

വാഹനങ്ങള്‍ തടഞ്ഞുനിര്‍ത്തിയും വഴിയെ പോകുന്നവരെ തടഞ്ഞു നിര്‍ത്തിയുമായിരുന്നു പരിശോധന. ഇതില്‍ പ്രധാനമായു ഇരുചക്ര വാഹനങ്ങളേയാണ് ഉന്നം വയ്ച്ചത്. ഇവരോട് ഫോണ്‍ ആവശ്യപ്പെടുകയും തുടര്‍ന്ന് ചാറ്റില്‍ ഡ്രഗ് എന്ന വാക്ക് തെരയുകയുമാണ് ചെയ്യുന്നത്. പരിശോധനയില്‍ പത്തോളം ക്രിമിനല്‍ പശ്ചാത്തലമുള്ള ആളുകളെ കസ്റ്റഡിയിലെടുത്തതായും റിപ്പോര്‍ട്ടുകളുണ്ട്.