ഓടയിലെ വെള്ളത്തിൽ മല്ലിയില കഴുകിയ പച്ചക്കറി വിൽപ്പനക്കാരനെതിരെ കേസ്

ഭോപ്പാൽ: ഓടയിലെ വെള്ളത്തിൽ മല്ലിയില കഴുകിയ പച്ചക്കറി വിൽപ്പനക്കാരനെതിരെ കേസെടുത്തു. അഴുക്കുചാലിലെ വെള്ളത്തിൽ ഇയാൾ മല്ലിയില കഴുകുന്ന വിഡിയോ വൈറലായതിന് പിന്നാലൊണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. ഭോപ്പാലിലെ സിന്ധി മാർക്കറ്റിലാണ് സംഭവം.

അഴുക്കുവെള്ളത്തിൽ പച്ചക്കറി കഴുകരുതെന്നും ആളുകൾക്ക് അസുഖമുണ്ടാകുമെന്നും വിഡിയോ ചിത്രീകരിക്കുന്ന വ്യക്തി പറയുന്നുണ്ടെങ്കിലും യുവാവ് അതെല്ലാം അവ​ഗണിച്ച് തന്റെ പ്രവർത്തി തുടർന്നു. വിഡിയോ കണ്ടാൽ ആരും പച്ചക്കറി വാങ്ങാനെത്തില്ല, ഈ പച്ചക്കറി കഴിച്ചാൽ ആളുകൾക്ക് അസുഖം വരും എന്നെല്ലാം പറയുന്നത് വിഡിയോയിൽ കേൾക്കാം.

വിഡിയോ ശ്രദ്ധയിൽപ്പെട്ടതിന് പിന്നാലെ സംഭവത്തിൽ പരിശോധന നടത്തി നടപടി സ്വീകരിക്കാൻ പോലീസിനും മുൻസിപ്പൽ കോർപ്പറേഷനും ഭക്ഷ്യസുരക്ഷാ വകുപ്പിനും കലക്ടർ നിർദേശം നൽകി. ഇതിന് പിന്നാലെയാണ് പച്ചക്കറി വിൽപനക്കാരനെതിരെ കേസെടുത്തത്. ധർമേന്ദ്ര എന്നയാളാണ് വിഡിയോയിൽ ഉള്ളതെന്ന് പൊലീസ് കണ്ടെത്തി. ആളെ ഉടൻ പിടികൂടാനാകുമെന്ന് പോലീസ് പറഞ്ഞു.