മുംബൈ: ആഡംബരക്കപ്പല്‍ മയക്കുമരുന്ന് കേസില്‍ ഒളിവില്‍ പോയ സാക്ഷി കെ.പി. ഗോസാവി പൊലീസ് പിടിയിലായി. പുണെയിലാണ് ഇയാള്‍ പിടിയിലായത്. യു.പിയിലെ ലക്നൗവില്‍ താന്‍ കീഴടങ്ങുമെന്ന് ഗോസാവി മൂന്ന് ദിവസം മുമ്പ് പ്രഖ്യാപിച്ചിരുന്നു. ഗോസാവിക്കെതിരെ പുനെയില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് വഞ്ചന കേസ് നിലവിലുണ്ടായിരുന്നു. ഈ കേസില്‍ ലുക്കൗട്ട് നോട്ടീസ് ഇറക്കിയതോടെയാണ് ഇയാള്‍ ഒളിവില്‍ പോയത്.
ആര്യന് ഖാന് കേസിലെ വിവാദ സാക്ഷിയാണ് കെ.പി. ഗോസാവി. ആഡംബരക്കപ്പലില്‍ നാര്‍കോട്ടിക്സ് കണ്ട്രോള് ബ്യൂറോ പരിശോധന നടത്തുമ്പോള്‍ ഗോസാവിയും ഒപ്പമുണ്ടായിരുന്നു. കസ്റ്റഡിയിലെടുത്തതിന് പിന്നാലെ ആര്യന് ഖാനോടൊപ്പം ഗോസാവിയെടുത്ത സെല്‍ഫി വൈറലായിരുന്നു. താന്‍ സ്വകാര്യ ഡിറ്റക്ടീവ് ആണെന്നായിരുന്നു ഇയാളുടെ വാദം. എന്‍.സി.ബിയോടൊപ്പം ഗോസാവി എങ്ങനെ റെയ്ഡില്‍ പങ്കെടുത്തുവെന്ന ചോദ്യം പലരും ഉയര്‍ത്തിയിരുന്നു.
അതേസമയം, ഗോസാവിയും എന്‍.സി.ബി സോണല്‍ ഡയറക്ടര്‍ സമീര്‍ വാങ്കഡെയും ആര്യന്റെ പിതാവ് ഷാരൂഖ് ഖാനില്‍ നിന്ന് പണം തട്ടാന്‍ ശ്രമിക്കുകയാണെന്ന ആരോപണവുമായി കേസിലെ മറ്റൊരു സാക്ഷിയും ഗോസാവിയുടെ അംഗരക്ഷകനുമായിരുന്ന പ്രഭാകര്‍ സെയില്‍ എന്നയാള്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍, ഈ ആരോപണം നിഷേധിക്കുകയാണ് ഗോസാവി.