സീലിങ് ഫാൻ പൊട്ടിവീണ് സഹപ്രവർത്തകയുടെ തലയ്ക്ക് പരിക്ക്; ഹെൽമെറ്റ് ധരിച്ച് ഡ്യൂട്ടിയെടുത്ത് ജൂനിയർ ഡോക്ടർമാരുടെ പ്രതിഷേധം

ഹൈദരാബാദ്: സീലിങ് ഫാൻ പൊട്ടിവീണ് സഹപ്രവർത്തകയുടെ തലയ്ക്ക് പരിക്കേറ്റതിന് പിന്നാലെ ഹെൽമെറ്റ് ധരിച്ച് ഡ്യൂട്ടിയെടുത്ത് ജൂനിയർ ഡോക്ടർമാരുടെ പ്രതിഷേധം.

ഹൈദരാബാദിലെ ഒസ്മാനിയ ജനറൽ ആശുപത്രിയിൽ ചൊവ്വാഴ്ചയാണ് സംഭവം. ത്വക് രോഗ വിഭാഗത്തിലെ വനിതാ ഡ്യൂട്ടി ഡോക്ടർക്കാണ് ഫാൻ പൊട്ടിവീണതിനെ തുടർന്ന് തലക്ക് പരിക്കേറ്റത്.

സംഭവത്തിൽ പ്രതിഷേധിച്ച ജൂനിയർ ഡോക്ടർമാരുടെ സംഘം, ആശുപത്രി സൂപ്രണ്ടിനെ കാണുകയും തങ്ങളുടെ ആവശ്യങ്ങൾ ഉൾപ്പെട്ട നിവേദനം സമർപ്പിക്കുകയും ചെയ്തു.

ഇത്തരം അപകടങ്ങൾ ആശുപത്രിയിൽ നിത്യസംഭവങ്ങളായി മാറിക്കഴിഞ്ഞെന്നും ഇതുവരെ ഇവയൊന്നും രോഗികൾക്കോ ജീവനക്കാർക്കോ ഗുരുതര പരിക്ക് ഉണ്ടാകാത്തതിൽ സന്തോഷമുണ്ടെന്നും നിവേദനത്തിൽ പറയുന്നു. എന്നാൽ ഇനിയും ഇത്തരം സംഭവം ഉണ്ടാവുകയും അധികൃതർ ഉത്തരമില്ലാതെ നിൽക്കുകയും ചെയ്യുന്ന സാഹചര്യം അനുവദിക്കാനാകില്ലെന്നും നിവേദനത്തിൽ ഡോക്ടർമാർ വ്യക്തമാക്കുന്നു.