ആര്യന്‍ഖാന്‍ കേസ്; എന്‍സിബിയ്ക്കെതിരായ സാക്ഷിയുടെ വെളിപ്പെടുത്തലില്‍ വിജിലന്‍സ് അന്വേഷണം

മുംബൈ: ആര്യന്‍ഖാന്‍ കേസില്‍ എന്‍സിബിയ്ക്കെതിരെ സാക്ഷി നടത്തിയ വെളിപ്പെടുത്തലില്‍ എന്‍സിബി വിജിലന്‍സ് യൂണിറ്റ് അന്വേഷണം നടത്തും. സോണല്‍ ഡയറക്ടര്‍ സമീര്‍ വാങ്കഡെയുടെ മൊഴിയും അന്വേഷണ സംഘം രേഖപ്പെടുത്തുമെന്നാണ് സൂചന. ആരോപണങ്ങളുടെ പേരില്‍ തനിക്കെതിരെ നിയമനടപടി സ്വീകരിക്കരുതെന്ന് സമീര്‍ വാങ്കഡെ മുംബൈ പൊലീസ് കമ്മീഷണര്‍ക്ക് കത്ത് നല്‍കി.

എന്‍സിബിയെ വന്‍ പ്രതിരോധത്തിലാക്കുന്നതായിരുന്നു സാക്ഷികളിലൊരാളായ പ്രഭാകര്‍ സെയില്‍ ഇന്നലെ നടത്തിയ വെളിപ്പെടുത്തല്‍. പ്രഭാകര്‍ പറയുന്നത് ശരിയെങ്കില്‍ എന്‍സിബി മറുപടി പറയേണ്ട ചോദ്യങ്ങള്‍ ഇതൊക്കയാണ്. റെയ്ഡ് സമയം ഒപ്പമില്ലാതിരുന്നയാളെ എന്തിന് സാക്ഷിയാക്കി? എന്തിന് ഒന്നുമെഴുതാത്ത രേഖകളില്‍ നിര്‍ബന്ധിച്ച്‌ ഒപ്പ് ചെയ്യിച്ചു? വെറുമൊരു സാക്ഷിയെന്ന് എന്‍സിബി വിശേഷിപ്പിക്കുന്ന കിരണ്‍ ഗോസാവിക്ക് എന്‍സിബി ഓഫീസില്‍ ആരാണ് ഇത്രയും സ്വാതന്ത്ര്യം നല്‍കിയത്. ? കസ്റ്റഡിയിലുള്ള ആര്യന്‍ഖാനെ കൊണ്ട് ആരെയൊക്കെയാണ് ഈ ഗോസാവി ഫോണില്‍ സംസാരിപ്പിച്ചത്. ഷാരൂഖിനെ ഭീഷണിപ്പെടുത്തി തട്ടുന്ന പണത്തില്‍ 8 കോടി സമീറിന് നല്‍കാനുള്ളതെന്ന് ഗോസാവി പറയുന്നത് കേട്ടതായി പ്രഭാകര്‍ പറയുന്നു.

വിവാദങ്ങളില്‍ നിറയുന്ന ഗോസാവി ഇപ്പോള്‍ എവിടെയാണ്? ആരോപണങ്ങള്‍ സമീര്‍ വാങ്കഡെ നിഷേധിക്കുന്നുണ്ടെങ്കിലും എന്‍സിബി സോണല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ അശോക് ജെയ്ന്‍ വിജിലന്‍സിന് വിവരങ്ങള്‍ കൈമാറി. എന്‍സിബി വിജിലന്‍സ് തലവന്‍ ഗ്യാനേശ്വര്‍ സിംഗിന്‍റെ നേതൃത്വത്തില്‍ അന്വേഷണം നടക്കുമെന്നാണ് വിവരം. എന്‍സിബിയ്ക്കെതിരെ ഇടഞ്ഞ് നില്‍ക്കുന്ന മഹാരാഷ്ട്രാ സര്‍ക്കാറിന്‍റെ പൊലീസ് പരാതികിട്ടിയാല്‍ കേസെടുക്കാനും സാധ്യതയുണ്ട്. ഈ സാഹചര്യത്തിലാണ് നിയമനടപടി തടയാന്‍ സമീര്‍ വാങ്കഡെ തന്നെ മുംബൈ പൊലീസ് കമ്മീഷണറെ സമീപിച്ചത്. ബോളിവുഡ് സംവിധായകന്‍ ഹന്‍സാല്‍ മെഹ്ത അടക്കമുള്ളവര്‍ സമീറിന്‍റെ രാജി ആവശ്യം ഉയര്‍ത്തിക്കഴിഞ്ഞു.