ഷാരൂഖ് ഖാന്‍ ബിജെപിയില്‍ ചേര്‍ന്നാല്‍ മയക്കുമരുന്ന് വെറും പഞ്ചസാരപ്പൊടിയാകും; മുന്ദ്ര തുറമുറഖത്തെ കോടികളുടെ ലഹരിമരുന്ന് കേസ് എവിടെ? ; ബിജെപിയെ കടന്നാക്രമിച്ച് മന്ത്രി ഛഗന്‍ ഭുജ്ബല്‍

മുംബൈ: ആഢംബര കപ്പലില്‍ നിന്നും മയക്കുമരുന്ന് പിടിച്ചെടുത്ത കേസില്‍ ബിജെപിയെ കടന്നാക്രമിച്ച് മഹാരാഷ്ട്ര മന്ത്രി ഛഗന്‍ ഭുജ്ബല്‍. കേസില്‍ ബോളിവുഡ് സൂപ്പര്‍താരം ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാനെ എന്‍സിബി അറസ്റ്റ് ചെയ്തതും അതേസമയം മുന്ദ്ര തുറമുഖത്ത് നിന്ന് പിടിച്ചെടുത്ത കോടികളുടെ മയക്കുമരുന്ന് കേസില്‍ അന്വേഷണം നടത്താതിരുന്നതും ചൂണ്ടികാട്ടിയാണ് എന്‍സിപി നേതാവും മഹാരാഷ്ട്ര മന്ത്രിയുമായ ഛഗന്‍ ഭുജ്ബല്‍ രംഗത്തെത്തിയിരിക്കുന്നത്. ഷാരുഖ് ഖാന്‍ ബിജെപിയില്‍ ചേര്‍ന്നാല്‍ മയക്കുമരുന്ന് പഞ്ചസാരപ്പൊടിയാകും. ഗുജറാത്തിലെ മുന്ദ്ര തുറമുഖത്ത് നിന്ന് 21,000 കോടി രൂപയുടെ ലഹരി മരുന്ന് കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം നടത്താതിരുന്നത് എന്തുകൊണ്ടാണെന്നും അദ്ദേഹം ചോദിച്ചു.

ഗുജറാത്തിലെ മുന്ദ്ര തുറമുഖത്ത് നിന്ന് വലിയ തോതിലുള്ള മയക്കുമരുന്നാണ് കണ്ടെത്തിയത്. പ്രമുഖ വ്യവസായ ഗ്രൂപ്പായ അദാനി പോട്‌സിന് കീഴിലുള്ളതാണ് മുന്ദ്ര തുറമുഖം. അദാനിയും ബിജെപിയും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടാണ് ഇവിടെ നിന്നും മയക്കുമരുന്ന് കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം നടത്താതിരിക്കാന്‍ കാരണമെന്നും ഛഗന്‍ ഭുജ്ബല്‍ പരോക്ഷമായി വിമര്‍ശിച്ചു.

ഈ കേസില്‍ ഊര്‍ജിതമായ അന്വേഷണം നടത്താന്‍ മടിച്ച എന്‍സിബി ഷാരൂഖിനെ വേട്ടയാടുകയാണെന്നും ഛഗല്‍ പറഞ്ഞു. മഹാരാഷ്ട്രയിലെ ബീഡ് ജില്ലയില്‍ നടന്ന പൊതുസമ്മേളനത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ഛഗന്‍ ഭുജ്ബല്‍. ഗുജറാത്തിലെ മുന്ദ്ര തുറമുഖത്ത് നിന്ന് 3,000 കിലോ മയക്കുമരുന്നാണ് കണ്ടെത്തിയതെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നത്. മഹാരാഷ്ട്രയെ മോശമായി ചിത്രീകരിക്കുകയാണ് എന്‍സിബിയുടെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെയും ദിവസങ്ങള്‍ക്ക് മുന്‍പ് ആരോപിച്ചിരുന്നു.

‘പ്രശസ്തിക്കായി സെലിബ്രറ്റികളുടെ പിന്നാലെ പോവുകയാണ് എന്‍സിബി. അദാനി ഗ്രൂപ്പിന്റെ കീഴിലുള്ള ഗുജറാത്തിലെ മുന്ദ്ര തുറമുഖത്ത് നിന്ന് കോടിക്കണക്കിന് രൂപയുടെ മയക്കുമരുന്ന് പിടികൂടിയ കേസ് എന്തായി?, മുന്ദ്ര തുറമുഖം ഏത് സംസ്ഥാനത്താണ്?. മഹാരാഷ്ട്ര മയക്കുമരുന്നിന്റെ കേന്ദ്രമാണെന്ന പ്രതീതിയുണ്ടാക്കാനാണ് ശ്രമം നടക്കുന്നത്. അതിനായി ചില ബഹളങ്ങള്‍ ഉണ്ടാക്കുകയാണ്’ – ഉദ്ധവ് താക്കറെ പറഞ്ഞു.

അതേസമയം ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്ന് സെന്‍ട്രല്‍ മുംബൈയിലെ ആര്‍തര്‍ റോഡ് ജയിലിലാണ് ആര്യന്‍ ഖാന്‍ ഇപ്പോള്‍കഴിയുന്നത്. സുഹൃത്ത് അര്‍ബാസ് മര്‍ച്ചന്റ് ,മുന്‍മുന്‍ ധമേച്ച എന്നിവരുടെ ജാമ്യാപേക്ഷയും കോടതി തള്ളിയിരുന്നു. എന്നാല്‍ ഇവര്‍ ജാമ്യത്തിനായി ബോംബെ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. ജാമ്യ ഹര്‍ജി ഹൈക്കോടതി 26ന് പരിഗണിക്കും.