അശ്ലീല വീഡിയോ കോൾ റെക്കോഡ് ചെയ്ത് ഭീഷണിപ്പെടുത്തി: കോടികൾ തട്ടിയെടുത്ത അഞ്ചംഗ സംഘം അറസ്റ്റിൽ

ഗാസിയാബാദ്: അശ്ലീല വീഡിയോ കോൾ റെക്കോഡ് ചെയ്ത് ഭീഷണിപ്പെടുത്തി കോടികൾ തട്ടിയെടുത്ത അഞ്ചംഗ സംഘം അറസ്റ്റിൽ. യോഗേഷ്, സപ്ന, നികിത, നിഥി, പ്രിയ എന്നിവരെയാണ് ഉത്തർപ്രദേശിലെ ഗാസിയാബാദ് പോലീസ് അറസ്റ്റ് ചെയ്തത്. നിരവധിപേരിൽനിന്നായി ഇവർ കോടിക്കണക്കിന് രൂപ തട്ടിയെടുത്തിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.

ഗുജറാത്തിലെ രാജ്കോട്ട് പോലീസ് കൈമാറിയ വിവരത്തെ തുടർന്നാണ് ഗാസിയാബാദ് പോലീസ് അന്വേഷണം നടത്തി പ്രതികളെ പിടികൂടിയത്. അശ്ലീലവീഡിയോ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി രാജ്കോട്ടിലെ ഒരാളിൽനിന്ന് പ്രതികൾ 80 ലക്ഷം രൂപ തട്ടിയെടുത്തിരുന്നു. ഈ കേസിൽ രാജ്കോട്ട് പോലീസ് നടത്തിയ അന്വേഷണത്തിലാണ് യുവതികൾ ഉൾപ്പെട്ട സംഘത്തെക്കുറിച്ച് കൂടുതൽവിവരങ്ങൾ ലഭിച്ചത്. ഈ വിവരങ്ങൾ ലഭിച്ചതോടെ സൈബർ പോലീസിന്റെ സഹായത്തോടെ ഗാസിയാബാദ് പോലീസ് പ്രതികളെ പിടികൂടുകയായിരുന്നു.

അശ്ലീല വെബ്സൈറ്റ് വഴിയാണ് പ്രതികൾ ആളുകളെ ബന്ധപ്പെട്ടിരുന്നതെന്ന് പോലീസ് പറഞ്ഞു. ഈ വെബ്സൈറ്റ് വഴി അശ്ലീലവീഡിയോകൾ തത്സമയം പ്രദർശിപ്പിച്ചും നഗ്നത പ്രദർശിപ്പിച്ചുള്ള വീഡിയോകോൾ വഴിയും പണം സമ്പാദിച്ചിരുന്നു. ഇത്തരത്തിൽ വീഡിയോകോൾ ചെയ്തവരുടെ ദൃശ്യങ്ങൾ റെക്കോഡ് ചെയ്തും മോർഫ് ചെയ്തും ഭീഷണിപ്പെടുത്തിയാണ് പണം തട്ടിയെടുത്തിരുന്നത്. വീഡിയോ സാമൂഹികമാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്നാണ് ഭീഷണിപ്പെടുത്തിയിരുന്നത്.

പ്രതികൾ ഉപയോഗിച്ചിരുന്ന എട്ട് ബാങ്ക് അക്കൗണ്ടുകൾ കണ്ടെത്തിയിട്ടുണ്ട്. ഇതിൽ നാല് അക്കൗണ്ടുകളിലൂടെ മാത്രം 38 കോടി രൂപയുടെ ഇടപാട് നടന്നിട്ടുണ്ടെന്നാണ് പോലീസ് പറയുന്നത്. രാജ്യത്തിന്റെ വിവിധഭാഗങ്ങളിലുള്ളവർ ഇവരുടെ തട്ടിപ്പിനിരയായിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.

സിംകാർഡുകൾ മാറ്റിമാറ്റി ഉപയോഗിക്കുന്നതായിരുന്നു പ്രതികളുടെ രീതി. ഒരാളെ വിളിച്ച് ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്താൽ പിന്നീട് ആ സിംകാർഡ് നശിപ്പിക്കുകയായിരുന്നു പതിവ്. പ്രതികളിൽനിന്ന് സെക്സ് ടോയ്സും ആഭരണങ്ങളും നാല് മൊബൈൽ ഫോണുകളും മൂന്ന് ചെക്ക് ബുക്കുകളും കണ്ടെടുത്തിട്ടുണ്ട്. രണ്ട് പാസ്പോർട്ട്, മൂന്ന് ആധാർ കാർഡ്. പാൻ, എ.ടി.എം. കാർഡുകൾ, ആറ് വെബ് ക്യാമറകൾ എന്നിവയും പിടിച്ചെടുത്തു. പ്രതികളുടെ ബാങ്ക് അക്കൗണ്ടുകൾ കേന്ദ്രീകരിച്ചുള്ള അന്വേഷണം തുടരുകയാണെന്നും പോലീസ് പറഞ്ഞു.