ന്യൂഡെൽഹി: മുല്ലപ്പെരിയാര്‍ ഡാമില്‍ ഗുരുതരമായ ഘടനാപരമായ പ്രശ്നങ്ങളുണ്ടെന്നും, ഈ അണക്കെട്ട് വലിയ ഭീഷണിയാണ് ഉയര്‍ത്തുന്നതെന്നും പറയുന്ന യുഎന്‍ സര്‍വകലാശാലയുടെ കാനഡ ആസ്ഥാനമായുള്ള ‘ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ വാട്ടര്‍ എന്‍വയോണ്‍മെന്റ് ആന്‍ഡ് ഹെല്‍ത്തിന്റെ’ റിപ്പോര്‍ട്ട് സുപ്രീംകോടതിയില്‍. കേരളത്തില്‍ ആവര്‍ത്തിക്കുന്ന പ്രളയ സാഹചര്യത്തില്‍ മുല്ലപ്പെരിയാറിന്റെ സുരക്ഷ സംബന്ധിച്ച് നല്കിയ ഹര്‍ജിയിലാണ് കോടതിയുടെ ശ്രദ്ധ റിപ്പോര്‍ട്ടിലേക്കും കൊണ്ടുവരാന്‍ ഹര്ജിക്കാരന് ശ്രമിക്കുന്നത് എന്നാണ് ലൈവ് ലോ റിപ്പോര്‍ട്ട് ചെയ്യുന്നത്.
വലിയ കോണ്‍ക്രീറ്റ് അണക്കെട്ടുകളുടെ ശരാശരി ആയുസ്സ് 50 കൊല്ലമാണെന്ന് കണക്കാക്കിയാണ് യുഎന്‍ ഈ മുന്നറിയിപ്പ് നല്‍കുന്നത്. യുഎന്‍ സര്‍വകലാശാലയുടെ കാനഡ ആസ്ഥാനമായുള്ള ‘ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ വാട്ടര്‍ എന്‍വയോണ്‍മെന്റ് ആന്‍ഡ് ഹെല്‍ത്താ’ണ് ‘പഴക്കമേറുന്ന ജലസംഭരണികള്‍: ഉയര്‍ന്നുവരുന്ന ആഗോളഭീഷണി’ എന്ന പേരിലുള്ള റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. 2021 ജനുവരിയിലാണ് റിപ്പോര്‍ട്ട് പുറത്ത് വന്നത്.
അതേ സമയം മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ പ്രവര്‍ത്തനം നിരീക്ഷിക്കുന്ന സുപ്രീംകോടതി നിയോഗിച്ച നിരീക്ഷണ സമിതി അടക്കം വളരെ അലംഭാവം കാണിക്കുന്നുവെന്നാണ് ഹര്ജിക്കാരന് പറയുന്നത്. പ്രളയ സമാനമായ അവസ്ഥയില്‍ റൂള്‍ കര്‍വ്, ഗേറ്റ് ഓപ്പറേഷന് അടക്കമുള്ള കാര്യങ്ങളില്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നില്ലെന്ന് റിട്ട് ഹര്‍ജിയില്‍ പറയുന്നു. വളരെ അലക്ഷമായാണ് പ്രളയകാലത്ത് ഡാമിന്റെ പ്രവര്‍ത്തനങ്ങള്‍ കൈകാര്യം ചെയ്യുന്നത് എന്ന് ഹര്‍ജിയില്‍ പറയുന്നു. ഇത് ലക്ഷക്കണക്കിന് ജനങ്ങളുടെ ജീവന് ഭീഷണിയാണെന്ന് ഹര്‍ജിയിൽ പറയുന്നു.
അതേ സമയം യുഎന്‍ യൂണിവേഴ്സിറ്റി റിപ്പോര്‍ട്ടില്‍ നൂറിലധികം വര്‍ഷം പഴക്കമുണ്ട് മുല്ലപ്പെരിയാര്‍ ഡാമിനെന്നും അണക്കെട്ട് ഭൂകമ്പസാധ്യതാപ്രദേശത്താണ് സ്ഥിതി ചെയ്യുന്നതെന്നും ഘടനാപരമായ പ്രശ്നങ്ങളുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അണക്കെട്ട് നിര്‍മ്മിച്ച കാലത്തെ നിര്‍മ്മാണ വസ്തുക്കള്‍ ഇന്ന് തീര്‍ത്തും ഉപയോഗശൂന്യമായ വസ്തുക്കളാണെന്നും റിപ്പോര്‍ട്ട് പറയുന്നു.
അണക്കെട്ട് തകര്‍ന്നാല്‍ 35 ലക്ഷം പേര് അപകടത്തിലാകും. അതിര്‍ത്തി സംസ്ഥാനങ്ങളായ കേരളവും തമിഴ്നാടും തമ്മിലുള്ള തര്‍ക്ക വിഷയമാണിതെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. അതേ സമയം മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് 136 അടി പിന്നിട്ടു. ഇതോടെ ആദ്യ അറിയിപ്പ് നല്കി. 142 അടിയാണ് അനുവദനീയമായ പരമാവധി സംഭരണശേഷി.
ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ ഡാമില്‍ നിന്ന് പരമാവധി വെള്ളം കൊണ്ടുപോകണമെന്നും സ്പില്‍വേയിലൂടെ വെള്ളം തുറന്ന് വിടണമെന്നും കേരളം തമിഴ്നാടിനോട് രേഖാമൂലം ആവശ്യപ്പെട്ടു. ഇക്കാര്യം കാണിച്ച് കേന്ദ്രസര്‍ക്കാരിനും കത്തയച്ചെന്ന് മന്ത്രി റോഷി അഗസ്റ്റിന് അറിയിച്ചു. ഡാം തുറക്കേണ്ടി വന്നാല്‍ മാറ്റിപ്പാര്‍പ്പിക്കേണ്ടവരുടെ പട്ടിക തയ്യാറാക്കിയിട്ടുണ്ട്. ദുരിതാശ്വാസ ക്യാമ്പുകളും കണ്ടെത്തി. മുല്ലപ്പെരിയാര്‍ തുറന്നാലുള്ള വെള്ളം നിലവില്‍ ഇടുക്കി ഡാമിന് ഉള്‍ക്കൊള്ളാനാകുമെന്നും റോഷി അഗസ്റ്റിന് അറിയിച്ചു.
അതിനിടെ മുല്ലപ്പെരിയാർ അണക്കെട്ടിനെ സംബന്ധിച്ചുള്ള 999 വർഷത്തേക്കുള്ള പാട്ടക്കരാർ റദ്ദാക്കാൻ കേരള സർക്കാരിന് നിർദ്ദേശം നൽകണമെന്ന് ആവശ്യപ്പെട്ടു സുരക്ഷ പബ്ലിക് ചാരിറ്റബിൾ ട്രസ്റ്റ് നൽകിയ ഹർജി സുപ്രീം കോടതി ഒക്ടോബർ 25-നു വീണ്ടും പരിഗണിക്കും. ഡോ. ജോ ജോസഫ് നൽകിയിരിക്കുന്ന കേസിനോടൊപ്പമാണ് രണ്ടു ഹർജികളും കോടതി പരിഗണിക്കുന്നത്.
കേരളത്തിന്റെ എതിർപ്പ് വകവയ്ക്കാതെ മുല്ലപ്പെരിയാർ അണക്കെട്ടിന്റെ റൂൾ കർവ് നിശ്ചയിച്ച് കേന്ദ്ര ജലകമ്മിഷൻ സുപ്രീംകോടതിയിൽ റിപ്പോർട്ട് നൽകി. വർഷത്തിൽ രണ്ടു തവണ പരമാവധി ജലനിരപ്പ് ആയ 142 അടിയിൽ വെള്ളം സംഭരിക്കാൻ തമിഴ്നാടിന് അനുമതി നൽകുന്നവിധത്തിലാണ് റൂൾ കർവ് അംഗീകരിച്ചിരിക്കുന്നത്. ഡാമിന്റെ ഷട്ടർ പ്രവർത്തന മർഗരേഖക്ക് അനുമതി നൽകി. ഡാമിൽ സുരക്ഷാ ഉപകരണങ്ങൾ സ്ഥാപിക്കുന്ന കാര്യത്തിൽ ധാരണ ആയെങ്കിലും ഇതിൽ കൃത്യമായൊരു നിർദേശം ജലകമ്മിഷൻ മുന്നോട്ടുവെച്ചിട്ടില്ല.
കോതമംഗലം സ്വദേശി ഡോ.ജോ ജോസഫ് നൽകിയ ഹർജിയിൽ മുല്ലപ്പെരിയാർ ഡാമിന് റൂൾ കർവ്, ഷട്ടർ പ്രവർത്തനമാർഗരേഖ എന്നിവ ഉണ്ടാക്കാനും ഡാമിൽ സുരക്ഷാ ഉപകരണങ്ങൾ സ്ഥാപിക്കാനും സുപ്രീംകോടതി മാർച്ച് 16-നാണ് ഉത്തരവിട്ടത്. കൊറോണ അടച്ചിടൽമൂലം കേസ് പലതവണ മാറ്റിവെച്ചു. വെള്ളിയാഴ്ച കേസ് എടുത്തെങ്കിലും റിപ്പോർട്ട് സമർപ്പിക്കാൻ മേൽനോട്ടസമിതി ഒരാഴ്ചകൂടി ആവശ്യപ്പെട്ടു. 25നാണ് ഇനി കേസ് പരിഗണിക്കുന്നത്. ഇതിനിടെ കഴിഞ്ഞ ദിവസമാണ് ജലകമ്മിഷൻ കോടതിയിൽ റിപ്പോർട്ട് നൽകിയത്. 425 പേജുള്ളതാണ് റിപ്പോർട്ട്.
പ്രളയം നിയന്ത്രിക്കാൻ ഡാമുകളിൽ ഓരോ പത്തുദിവസവും നിലനിർത്താവുന്ന പരമാവധി ജലനിരപ്പ് ആണ് റൂൾ കർവ്. ജലനിരപ്പ് ഇതിലും കൂടിയാൽ വെള്ളം തുറന്നുവിടേണ്ടിവരും. ജൂണ്‍ പത്തുമുതൽ നവംബർ 30 വരെ ഉള്ളതാണ് പുതിയ റൂൾ കർവ്. ജൂണ്‍ പത്തിന് 136 അടി വരെ വെള്ളം സംഭരിക്കാൻ കഴിയും. സെപ്റ്റംബർ പത്തിന് 140 അടിയാണ് പരിധി. സെപ്റ്റംബർ 20-ന് 142 അടിയിൽ ആണ് റൂൾ കർവ്. പിന്നെ ജലനിരപ്പ് താഴ്ത്തിയിരിക്കുന്നു.
ഒക്ടോബർ പത്തിന് 138.5 അടി. നവംബറിൽ റൂൾ കർവ് വീണ്ടും ഉയർത്തി. നവംബർ 20-ന് 141 അടിയിലും 30-ന് പരമാവധി ജലനിരപ്പ് ആയ 142 അടിയിലും ആണ് റൂൾ കർവ് നിശ്ചയിച്ചിരിക്കുന്നത്.
ജൂൺ മുതൽ നവംബർവരെ സെപ്റ്റംബർ 20നും നവംബർ 30നും പരമാവധി ജലനിരപ്പ് ആയ 142 അടി വരെ വെള്ളം സംഭരിക്കാൻ അനുവദിക്കുന്ന റൂൾ കർവിനെ കേരളം പലതവണ എതിർത്തെങ്കിലും ജലകമ്മിഷൻ പരിഗണിച്ചില്ല.
പെരിയാറിന്റെ തീരത്തുള്ള ഇടുക്കി, ഇടമലയാർ ഡാമുകൾക്ക് അംഗീകരിച്ച റൂൾ കർവുപ്രകാരം ഒറ്റത്തവണ മാത്രമാണ് ജലനിരപ്പ് പരമാവധി ആക്കാൻ അനുമതിയുള്ളത്. ജലകമ്മിഷൻ തന്നെയാണ് ഈ റൂൾ കർവ് അംഗീകരിച്ചത്. എന്നാൽ പെരിയാർ തീരത്ത് തന്നെയുള്ള മുല്ലപ്പെരിയാർ ഡാമിൽ ഈ വ്യവസ്ഥ പാലിക്കാതെ രണ്ടു തവണ പരമാവധി ജലനിരപ്പിൽ വെള്ളം പിടിക്കാൻ അനുമതി നൽകുന്നതിനെയാണ് കേരളം എതിർത്തത്.
പ്രളയത്തിന് കാരണമാവും എന്ന കേരളത്തിന്റെ വാദം ജലകമ്മിഷൻ അംഗീകരിച്ചില്ല. റൂൾ കർവ് നിലവിൽവന്നതോടെ തമിഴ്നാടിന് തോന്നിയ പോലെ ഇനി വെള്ളം സംഭരിക്കാൻ കഴിയില്ല. ജല കമ്മീഷന്റെ റിപ്പോർട്ട് അംഗീകരിച്ചാൽ സുപ്രീം കോടതിയുടെ അനുമതിയോടെ പാട്ടക്കരാർ കാലാവധി മുഴുവനും അണക്കെട്ടു തങ്ങളുടെ ഉടമസ്തസ്ഥയിൽ നിലനിർത്താനും, കേരളത്തിന്റെ അശംങ്കകൾക്ക് ചെവി കൊടുക്കാതെ ജലനിരപ്പ് നിലനിർത്തുവാനും തമിഴ്നാടിന് സാധിക്കും.
വർഷകാലത്തു ഒഴികെ അണക്കെട്ടിലെ സാധാരണ ജലനിരപ്പ് 120 അടിക്കു താഴെയാണ്. അതിനാൽ ജല കമ്മീഷൻ സമർപ്പിച്ചിരിക്കുന്ന പുതിയ റിപ്പോർട്ട് തമിഴ്നാട് ഇരുകൈകളും നീട്ടി സ്വീകരിക്കും. 2014-ലെ സുപ്രീം കോടതി വിധിയിൽ നിർബന്ധമായും ചെയ്യണമെന്ന് പറഞ്ഞ കാര്യങ്ങൾ ഇതുവരെയും തമിഴ്നാട് ചെയ്തിട്ടില്ലാത്തതിനാൽ പാട്ടക്കാരർ റദ്ദാക്കാനുള്ള അവകാശം കേരളത്തിനുണ്ട്.
‘സുരക്ഷ’ ചെയർമാൻ അഡ്വ.സോനു അഗസ്റ്റിൻ ഈ ആവശ്യം ഉന്നയിച്ചു സർക്കാരിന് നിവേദനം നൽകിയിരുന്നു. ജല കമ്മീഷന്റെ റിപ്പോർട്ട് അംഗീകരിക്കാതെ, തമിഴ്നാടിന് ജലം ഉറപ്പാക്കികൊണ്ട് കരാർ റദ്ദാക്കാനുള്ള
നിശ്ചയദാർഡ്യം കേരളം കൈക്കൊണ്ടേ മതിയാകൂവെന്ന് അഡ്വ.സോനു അഗസ്റ്റിൻ വ്യക്തമാക്കുന്നു.