മുംബൈയില്‍ ബഹുനില കെട്ടിടത്തില്‍ തീ പിടുത്തം; 19ാം നിലയില്‍ നിന്ന് ചാടിയ ആള്‍ മരിച്ചു

മുംബൈ: നഗരത്തിലെ ബഹുനില കെട്ടിടത്തില്‍ വന്‍ തീപിടുത്തം. ഫ്‌ലാറ്റിന്റെ 19-ാം നിലയിലാണ് തീപിടുത്തമുണ്ടായത്. അവിഘ്‌ന പാര്‍ക്ക് സൊസൈറ്റിയിലെ കെട്ടിടത്തിലാണ് തീപിടുത്തമുണ്ടായതെന്നും തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

അപകടത്തില്‍ ഒരു മരണം സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. തീപിടുത്തമുണ്ടായ കെട്ടിടത്തിന്റെ 19-ാം നിലയില്‍ നിന്ന് താഴേയ്ക്ക് ചാടിയ ആളാണ് മരിച്ചതെന്നാണ് വിവരം. ഒരാള്‍ താഴേയ്ക്ക് ചാടുന്നതിന്റെ ദൃശ്യങ്ങളും പുറത്തു വന്നിട്ടുണ്ട്. . 30 വയസുള്ള അരുണ്‍ തിവാരിയാണ് അപകടത്തില്‍ മരിച്ചതെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.

തീയണയ്ക്കാനായി 14 ഫയര്‍ എന്‍ജിനുകളും പരേലിലെത്തിയിട്ടുണ്ട്. നഗരത്തില്‍ കിലോമീറ്ററുകള്‍ അകലെ വരെ കറുത്ത പുക ദൃശ്യമാണ്. സ്ഥലത്ത് മുംബൈ മേയറും മറ്റു മുതിര്‍ന്ന ഉദ്യോഗസ്ഥരും എത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നുണ്ട്. കെട്ടിടത്തില്‍ നിന്ന് 26 പേരെ രക്ഷിച്ചതായി ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ദേശീയ മാധ്യമമായ ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.

തീപിടുത്തത്തെക്കുറിച്ച് വിവരം ലഭിച്ച ഉടന്‍ തന്നെ ഫയര്‍ ഫോഴ്‌സ് സ്ഥലത്തെത്തിയെന്നും രക്ഷാപ്രവര്‍ത്തനം തുടങ്ങിയെന്നും മേയര്‍ പറഞ്ഞു. ഇതിനിടെ ഒരാള്‍ ഭയന്നു താഴേയ്ക്ക് ചാടുകയായിരുന്നുവെന്നും അവര്‍ പറഞ്ഞു. തീപിടുത്തം ഉണ്ടാകാനുള്ള കാരണം എന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല.

ഇതിനിടെ തൊട്ടുമുകളിലെ നിലയിലേയ്ക്കും തീ പടര്‍ന്നെന്നാണ് റിപ്പോര്‍ട്ടുകള്‍. കെട്ടിടത്തിന്റെ ആദ്യത്തെ ഏഴു നിലകളില്‍ വാഹനങ്ങള്‍ക്കുള്ള പാര്‍ക്കിങ് സൌകര്യം മാത്രമാണുള്ളത്. കെട്ടിടത്തിന്റെ ഏറ്റവും മുകള്‍നില വരെ ആളുകള്‍ താമസിക്കുന്നുണ്ട്. ഇതിനോടകം തന്നെ കെട്ടിടത്തിലെ ഭൂരിഭാഗം താമസക്കാരെയും പുറത്തിറക്കാന്‍ കഴിഞ്ഞെന്നും തീ നിയന്ത്രണവിധേയമാക്കിയെന്നും രക്ഷാപ്രവര്‍ത്തകര്‍ മാധ്യമങ്ങളോടു പറഞ്ഞു. ആദ്യം ലെവല്‍ മൂന്ന് തീപിടുത്തമാണ് ഉണ്ടായതെന്നായിരുന്നു വിശദീകരണമെങ്കിലും ഇത് പിന്നീട് ലെവല്‍ 4 ആയി ഉയര്‍ത്തുകയായിരുന്നു.