പ്രളയക്കെടുതി; കേരളത്തിന് 50000 ടണ്‍ അരി അധികവിഹിതമായി അനുവദിക്കുമെന്ന് കേന്ദ്രം

ന്യൂഡെൽഹി: പ്രളയക്കെടുതിയുടെ പ്രത്യേക സാഹചര്യത്തില്‍ കേരളത്തിന് 50000 ടണ്‍ അരി അധിക വിഹിതമായി അനുവദിക്കാമെന്ന് കേന്ദ്രം. 20 രൂപ നിരക്കില്‍ അരി നല്‍കാമെന്നാണ് കേന്ദ്ര വാണിജ്യ-ഭക്ഷ്യ വിതരണ മന്ത്രി പിയൂഷ് ഗോയല്‍ മുഖ്യമന്ത്രി പിണറായി വിജയനെ അറിയിച്ചത്. ഡെൽഹിയില്‍ മുഖ്യമന്ത്രി കൂടിക്കാഴ്ചയിലാണ് കേരളത്തിന് കൂടുതല്‍ അരി അനുവദിക്കുമെന്ന് കേന്ദ്ര മന്ത്രി ഉറപ്പ് നല്‍കിയത്.

മഴക്കെടുതിയുടെ പശ്ചാത്തലത്തില്‍ മൂന്ന് മാസത്തെ അധിക വിഹിതമാണ് കേരളം കേന്ദ്രത്തോട് ആവശ്യപ്പെട്ടത്. ആന്ധ്ര, തെലങ്കാന സംസ്ഥാനങ്ങളില്‍ നിന്ന് ജയ, സുരേഖ വിഭാഗത്തിലുള്ള അരി കേരളത്തിന് കൂടുതല്‍ ലഭ്യമാക്കുന്നത് നവംബര്‍ മാസം മുതല്‍ പരിഗണിക്കാമെന്നും കേന്ദ്ര മന്ത്രി അറിയിച്ചു. കൊച്ചി-മംഗലാപുരം വ്യവസായ ഇടനാഴിക്കായുള്ള കേരളത്തിന്‍റെ ആവശ്യം അടുത്ത ബജറ്റില്‍ പരിഗണിക്കാമെന്നും കൂടിക്കാഴ്ചയില്‍ കേന്ദ്ര മന്ത്രി അറിയിച്ചു.