കേന്ദ്ര സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ക്ഷാമബത്ത വർദ്ധിപ്പിച്ചു

ന്യൂഡെൽഹി: കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും ഡിഎ, ഡിആര്‍ എന്നിവ 3% വര്‍ദ്ധിപ്പിച്ചു. ഇന്ന്‌ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗത്തിലാണ്‌ ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്‌. നിലവിലുള്ള 28 ശതമാനത്തിന്‌ പുറമെയാണ്‌ 3% വര്‍ധനവിന്‌ കൂടി അംഗീകാരം നല്‍കിയിരിക്കുന്നത്‌.

പുതിയ വര്‍ദ്ധനവിന്‌ അംഗീകാരം ലഭിച്ചതോടെ 47.14 ലക്ഷം കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരും 68.62 ലക്ഷം പെന്‍ഷന്‍കാരുമാണ്‌ ഗുണഭോക്താക്കളാകുന്നത്‌. ഇതുവഴി കേന്ദ്ര ഖജനാവിന്‌ പ്രതിവര്‍ഷം 9488.70 കോടി രൂപയാണ്‌ ചിലവ്‌ ഉണ്ടാകുക. സാമ്പത്തിക രംഗത്ത്‌ കൊറോണ സൃഷ്ടിച്ച പ്രതിസന്ധി കാരണം കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും ഡിഎ, ഡിആര്‍ അലവന്‍സുകള്‍ താത്‌ക്കാലികമായി നിര്‍ത്തിവെച്ചിരുന്നു.

3 ശതമാനം വര്‍ദ്ധനവിന്‌ കൂടി അംഗീകാരം ലഭിച്ചതോടെ ഡിഎ 31 ശതമാനമായി വര്‍ദ്ധിച്ചിരിക്കുകയാണ്‌. ജൂലൈ 1 മുതല്‍ മുന്‍കാല പ്രാബല്യത്തോടെയാണ്‌ പുതിയ വര്‍ദ്ധനവ്‌ നിലവില്‍ വരുന്നത്‌.