ജമ്മുകശ്മീരിലെ പൂഞ്ചില്‍ ഭീകരര്‍ക്ക് വേണ്ടിയുള്ള തെരച്ചില്‍ ഊര്‍ജിതമാക്കി സൈന്യം

ന്യൂഡെൽഹി: ജമ്മുകശ്മീരിലെ പൂഞ്ചില്‍ വനമേഖലയില്‍ ഒളിച്ചിരിക്കുന്ന ഭീകരരെ കണ്ടെത്താന്‍ പത്താം ദിവസം വ്യാപക തെരച്ചില്‍ നടത്തി സൈന്യം. മുന്‍കരുതലിന്റെ ഭാഗമായി മെന്‍ന്ദാര്‍ താനാമാണ്ടി വഴിയുള്ള ഗതാഗതം നിരോധിച്ചു. ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ ഒൻപത് സൈനികരാണ് പൂഞ്ചില്‍ വീരമൃത്യു വരിച്ചത്.

ആക്രമണം ഉണ്ടാകാനുള്ള സാഹചര്യത്തില്‍ നാട്ടുകാരോട് വീടിനകത്ത് നിന്ന് പുറത്തിറങ്ങരുതെന്നും ഇന്നലെ നിര്‍ദേശം നല്‍കിയിരുന്നു. കിലോമീറ്ററുകളോളം വ്യാപിച്ച്‌ കിടക്കുന്ന വനമേഖലയില്‍ വന്‍ ആയുധ ശേഖരവുമായി ആറ് ഭീകരരെങ്കിലും ഒളിഞ്ഞിരിക്കുന്നുണ്ട് എന്നാണ് അനുമാനം. ഇന്നും ജമ്മുവില്‍ തുടരുന്ന കരസേനാ മേധാവി എം എം നരവനെ വിവിധ പ്രദേശങ്ങള്‍ സന്ദര്‍ശിക്കും.

അതിനിടെ ജമ്മുവില്‍ സാധാരണക്കാര്‍ക്ക് നേരെ നടന്ന ഭീകരാക്രമണങ്ങളുടെ അന്വേഷണം എന്‍ഐഎ ഏറ്റെടുത്തു. ആകെ അഞ്ച് ഇതര സംസ്ഥാന തൊഴിലാളികള്‍ അടക്കം 11 പേരാണ് ഇതുവരെ ജമ്മുകശ്മീരില്‍ കൊല്ലപ്പെട്ടത്. ഇതില്‍ അധ്യാപകരായ സുപീന്ദര്‍ കൗര്‍, ദീപക് ചന്ദ്, വ്യവസായി എംഎല്‍ ബിന്ദ്രു, വീരേന്ദ്ര പാസ്വാന്‍, രണ്ട് ബിഹാ‍ര്‍ സ്വദേശികള്‍ എന്നിവരുടെ കൊലപാതകമാണ് എന്‍ഐഎ അന്വേഷിക്കുക. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് ആളുകള്‍ എത്തുന്നതും വികസന പദ്ധതികള്‍ തടയുകയുമാണ് ഭീകരരുടെ ഉദ്ദേശമെന്നാണ് അനുമാനം.