ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പില്‍ 40ശതമാനം സീറ്റുകളില്‍ വനിതാ സ്ഥാനാര്‍ത്ഥികള്‍; വാഗ്ദാനവുമായി പ്രിയങ്ക

ലഖ്നൗ: വരാനിരിക്കുന്ന ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസില്‍ 40 ശതമാനം സീറ്റുകളില്‍ വനിതാ സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കുമെന്ന് എ ഐ സി സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. വെറുപ്പിന്റെ രാഷ്ട്രീയത്തിന് സ്ത്രീകള്‍ അന്ത്യം കാണുമെന്നും പ്രിയങ്ക പറഞ്ഞു. നാല്‍പ്പത് ശതമാനം സീറ്റില്‍ സ്ത്രീകളെ മത്സരിപ്പിക്കാനുള്ള തീരുമാനത്തിന് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യങ്ങളോ മറ്റ് അജണ്ടകളോ ഇല്ലെന്നും അവര്‍ വ്യക്തമാക്കി.

‘രാജ്യത്തിന്റെയും സമൂഹത്തിന്റെയും പുരോഗതിയില്‍ സ്ത്രീകള്‍ക്ക് പ്രധാന പങ്കുണ്ട്. ജാതിയോ മതമോ നോക്കാതെ, യോഗ്യതയുടെ അടിസ്ഥാനത്തിലാകും വനിതാസ്ഥാനാര്‍ത്ഥികളെ തീരുമാനിക്കുക.”- പ്രിയങ്ക പറഞ്ഞു. അധികാര രംഗത്ത് ഇന്ന് വിദ്വേഷം പ്രബലമാണെന്ന് പ്രിയങ്ക ചൂണ്ടിക്കാട്ടി. അത് മാറ്റാന്‍ ആഗ്രഹിക്കുന്നതായും, സ്ത്രീകള്‍ക്ക് മാത്രമേ അത് സാധിക്കൂ എന്നും സംസ്ഥാനത്തിന്റെ ചുമതലയുള്ള കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക അഭിപ്രായപ്പെട്ടു.

സ്ത്രീശാക്തീകരണം എന്ന വാഗ്ദാനം കോണ്‍ഗ്രസ് നിറവേറ്റാന്‍ പോവുകയാണെന്ന് കോണ്‍ഗ്രസിന്റെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലില്‍ പങ്കുവെച്ച ട്വീറ്റിലും പറയുന്നുണ്ട്. 2022ലാണ് സംസ്ഥാന തെരഞ്ഞെടുപ്പ് നടക്കുക. നിലവില്‍ 403 അംഗ നിയമസഭയില്‍ ബി ജെ പിയ്ക്ക് 304അംഗങ്ങളാണുള്ളത്. എസ്.പിയ്ക്ക് 49 ഉം ബി.എസ്.പിയ്ക്ക് 16 ഉം കോണ്‍ഗ്രസിന് ഏഴും സീറ്റുണ്ട്.