ബെംഗളൂരു: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നിരക്ഷരനെന്ന് പരിഹസിച്ച കോണ്‍ഗ്രസിന്റെ ട്വീറ്റ് വിവാദമായതോടെ ഖേദ പ്രകടനം. കര്‍ണ്ണാടക കോണ്‍ഗ്രസിന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജിലാണ് പ്രധാനമന്ത്രി നിരക്ഷരനാണെന്ന് സൂചിപ്പിക്കും വിധം ‘അങ്കൂതാ ഛാപ്’ എന്ന പദപ്രയോഗം ഉപയോഗിച്ചത്.
”കോണ്‍ഗ്രസ് സ്ക്കൂളുകള്‍ പണിതു. എന്നാല്‍ മോദി ഒരിക്കലും പഠിക്കാന്‍ പോയിരുന്നില്ല. മുതിര്‍ന്നവര്‍ക്ക് പഠിക്കാന്‍ കോണ്‍ഗ്രസ് നിരവധി പദ്ധതികള്‍ കൊണ്ടുവന്നെങ്കിലും അത് ഉപയോഗിച്ചും മോദി പഠിച്ചില്ല, മോദിയുടെ നിരക്ഷരത കാരണം രാജ്യം കഷ്ടപ്പെടുന്നു”- കോണ്‍ഗ്രസിന്റെ ട്വിറ്റര്‍ ഹാന്റിലില്‍ പ്രത്യക്ഷപ്പെട്ട വാചകങ്ങള്‍ ഇങ്ങിനെയായിരുന്നു.
എന്നാല്‍ ട്വീറ്റ് വിവാദമായതോടെ പിന്‍വലിച്ചതായി ദേശീയ മാധ്യമമായ എന്‍ഡിടിവി റിപ്പോര്‍ട്ട് പറയുന്നു. ട്വീറ്റിനെതിരെ കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡി കെ ശിവകുമാര്‍ തന്നെ രംഗത്തുവന്നിരുന്നു. സംഭവത്തില്‍ ശിവകുമാര്‍ ഖേദം പ്രകടിപ്പിച്ചു. മോദിക്കെതിരെയുള്ള ട്വീറ്റ് നീക്കം ചെയ്യണമെന്നും ശിവകുമാര്‍ ആവശ്യപ്പെട്ടു.
കര്‍ണാടക കോണ്‍ഗ്രസിന്റെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്റിലില്‍ ഒരു പുതിയ സോഷ്യല്‍ മീഡിയ മാനേജര്‍ നടത്തിയ അപരിഷ്കൃത ട്വീറ്റാണെന്നാണ് ഡികെ ശിവകുമാറിന്റെ വിശദീകരണം. ഇതില്‍ ഖേദം പ്രകടിപ്പിക്കുന്നതായാണ് അദ്ദേഹം അറിയിച്ചത്.
അതേസമയം കോണ്‍ഗ്രസിനെ മാത്രമെ ഇത്തരത്തില്‍ തരംതാഴാന്‍ കഴിയൂ എന്ന് ബിജെപി പ്രതികരിച്ചു. ഇതിന് അവര്‍ മറുപടി അര്‍ഹിക്കുന്നില്ലെന്ന് ബിജെപി വ്ക്താവ് മാളവിക അവിനാഷ് പറഞ്ഞു