വിമാന ഇന്ധത്തെക്കാൾ പെട്രോളിന് 30 ശതമാനത്തിലധികം വർധന; അന്താരാഷ്ട്ര വിപണിയിൽ എണ്ണവിലയിൽ മാറ്റമില്ല; ഇന്ത്യയിൽ വില കുതിച്ചുയരുന്നു

മുംബൈ: നിരത്തിലോടുന്ന വാഹനങ്ങളിൽ നിറയ്ക്കുന്ന പെട്രോളിന് വിമാനത്തിൽ ഉപയോഗിക്കുന്ന ഏവിയേഷൻ ടർബൈൻ ഫ്യുവലി (എടിഎഫ്) നെക്കാൾ 30 ശതമാനം അധികവില !. ഡെൽഹിയിൽ എടിഎഫ് വില കിലോലിറ്ററിന് 79,020.16 രൂപയാണ്. അതായത് ലിറ്ററിന് 79 രൂപ മാത്രം! പെട്രോളിന് ഇവിടെ ലിറ്ററിന് 105.84 രൂപയും. 26.84 രൂപ അധികം. -33.97 ശതമാനം ഉയർന്ന തുക.

മൂന്നുദിവസമായി അന്താരാഷ്ട്രവിപണിയിൽ അസംസ്കൃത എണ്ണവിലയിൽ വലിയ മാറ്റമുണ്ടായിട്ടില്ല. എന്നാൽ പെട്രോൾ, ഡീസൽ വില കുതിച്ചുയരുകയാണ്. ഞായറാഴ്ച പെട്രോൾ ലിറ്ററിന് 34 പൈസയും ഡീസൽ 35 പൈസയും കൂട്ടി. തുടർച്ചയായി നാലാം ദിവസമാണ് വർധന.

  • കേരളം, കർണാടക, മധ്യപ്രദേശ്, രാജസ്ഥാൻ, ഒഡിഷ, ആന്ധ്രാപ്രദേശ്, തെലങ്കാന, ഗുജറാത്ത്, മഹാരാഷ്ട്ര, ചത്തീസ്ഗഢ്, ബിഹാർ സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശമായ ലഡാക്കിലും ഡീസൽവില 100 കടന്നിട്ട് ദിവസങ്ങളായി. ഒരിടവേളയ്ക്കുശേഷം സെപ്റ്റംബർ 24 മുതലാണ് ഡീസൽവില വീണ്ടും ഉയർന്നുതുടങ്ങിയത്.

പെട്രോൾ വിലയും സെപ്റ്റംബർ 28 മുതൽ 16 തവണ വർധിപ്പിച്ചു. പെട്രോളിന് 4.65 രൂപയും 19 തവണയായി ഡീസലിന് 5.95 രൂപയും കൂടി. മേയ് നാലിനും ജൂലായ് 17-നും ഇടയിൽ പെട്രോളിന് 11.44 രൂപയും ഡീസലിന് 9.14 രൂപയും വർധിപ്പിച്ചിരുന്നു.

മൂന്നുദിവസമായി അന്താരാഷ്ട്രവിപണിയിൽ അസംസ്കൃത എണ്ണവില ബാരലിന് 84 ഡോളറിനും 85 ഡോളറിനും ഇടയിലാണിത്. ഞായറാഴ്ച ബ്രെന്റ് ക്രൂഡ് വില ബാരലിന് 84.80 ഡോളറാണ്. ഒരു മാസം മുമ്പിത് 73.51 ഡോളറായിരുന്നു.

വിവിധ സംസ്ഥാനങ്ങളിലെ പ്രധാന നഗരങ്ങളിലെ പെട്രോൾ, ഡീസൽ നിരക്കുകൾ

മുംബൈ 111.77 102.52

ഡെൽഹി 105.84 94.57

കൊൽക്കത്ത 106.43 97.68

ചെന്നൈ 103.01 98.92

കൊച്ചി 106.5 99.83

തിരുവനന്തപുരം 108.09 101.67