ലീന മരിയ പോളിന് 200 കോടിയുടെ തട്ടിപ്പില്‍ സജീവ പങ്കാളിത്തം; നല്‍കിയത് പരസ്പരവിരുദ്ധമായ മൊഴികള്‍: കസ്റ്റഡി കാലാവധി നീട്ടി

ന്യൂഡെല്‍ഹി: 200 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പ് കേസില്‍ നടി ലീന മരിയ പോളിന്റെ കസ്റ്റഡി കാലാവധി നീട്ടി. ഫോര്‍ട്ടിസ് ഹെല്‍ത്ത്‌കെയര്‍ പ്രമോട്ടര്‍ ശിവീന്ദര്‍ മോഹന്‍ സിങ്ങിന്റെ ഭാര്യ അദിതി സിങ്ങിനെ കബളിപ്പിച്ച്‌ 200 കോടി രൂപ തട്ടിയെടുത്തെന്ന കേസില്‍ ഡെല്‍ഹിയിലെ കോടതിയാണ് ലീനയുടെ കസ്റ്റഡി കാലാവധി ഒക്ടോബര്‍ 23 വരെ നീട്ടിനല്‍കിയത്.

സാമ്പത്തിക തട്ടിപ്പ് കേസില്‍ സജീവ പങ്കാളിത്തമുള്ള ലീനയെ കസ്റ്റഡിയില്‍ ചോദ്യം ചെയ്തില്ലെങ്കില്‍ അന്വേഷണം മരവിക്കുമെന്ന് ഇഡി കോടതിയെ അറിയിച്ചു. തുടര്‍ന്ന് ലീനയുടെ കസ്റ്റഡി കാലാവധി നീട്ടിനല്‍ക്കുകയായിരുന്നു.

കുറ്റകൃത്യത്തിന്റെ ഗുണഭോക്താവ് മാത്രമല്ല ലീനയെന്നും മുഖ്യപ്രതിയായ സുകേഷ് ചന്ദ്രശേഖറിനൊപ്പം ഇതില്‍ പങ്കാളിയാണെന്നും ഇഡി വാദിച്ചു. ലീനയുടെ നിര്‍ദേശങ്ങള്‍ക്കനുസരിച്ചാണ് സാമ്പത്തിക ഇടപാടുകള്‍ നടന്നതെന്നും ഈ പണം എവിടെ നിന്ന്, എങ്ങനെ വന്നു തുടങ്ങിയ കാര്യങ്ങള്‍ അറിയേണ്ടതുണ്ടെന്നും ഇഡി വ്യക്തമാക്കി.

കേസില്‍ അന്വേഷണം പൂര്‍ത്തിയായിട്ടില്ലാത്തതിനാല്‍ കസ്റ്റഡി നീട്ടിനല്‍കിയില്ലെങ്കില്‍ അന്വേഷണത്തെ ബാധിക്കുമെന്നും ഇഡി വാദിച്ചു. കസ്റ്റഡി കാലയളവില്‍ പ്രതിയുടെ ആരോഗ്യകാര്യങ്ങളില്‍ ജാഗ്രത പുലര്‍ത്തുമെന്നും കൊറോണ ബാധിക്കാതിരിക്കാന്‍ സാമൂഹിക അകലം ഉറപ്പാക്കുമെന്നും ഇഡി കോടതിയെ അറിയിച്ചു.

ലീനയുടെ ഉടമസ്ഥതയിലുള്ള ‘നെയില്‍ ആര്‍ട്ടിസ്ട്രി’ എന്ന കമ്പനി ചെന്നൈയില്‍ 4.79 കോടി രൂപയുടെയും കൊച്ചിയില്‍ 1.21 കോടിയുടെയും നിക്ഷേപം നടത്തിയതായി അന്വേഷണത്തില്‍ കണ്ടെത്തി. ഈ പണം കുറ്റകൃത്യത്തില്‍ നിന്ന് ലഭിച്ച പണമാണെന്നും ഇവരുടെ മൂന്ന് മൊബൈല്‍ ഫോണുകളില്‍ നിന്നുള്ള വിവരങ്ങള്‍ വീണ്ടെടുത്തിട്ടുണ്ടെന്നും ഇഡി വ്യക്തമാക്കി.

കുറ്റകൃത്യത്തിലൂടെ ലഭിച്ച പണം എങ്ങനെ വിനിയോഗിച്ചുവെന്ന വിവരങ്ങള്‍ നടി മനഃപൂര്‍വ്വം മറച്ചുവെയ്ക്കുകയാണെന്നും പരസ്പരവിരുദ്ധമായ മൊഴികളാണ് നല്‍കുന്നതെന്നും ഇഡി ആരോപിച്ചു.