ഇന്ത്യയിൽ കൊറോണ രോഗികളുടെ എണ്ണത്തിൽ വൻ കുറവ്; 219 ദിവസത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്ക്

ന്യൂഡെൽഹി: കഴിഞ്ഞ 219 ദിവസത്തിനിടയില്‍ ആദ്യമായി ഇന്ത്യയിൽ കൊറോണ രോഗികളുടെ എണ്ണത്തിൽ വൻ കുറവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 14,146 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. ഒന്‍പത് ദിവസമായി പുതിയ രോഗികളുടെ എണ്ണം ഇരുപതിനായിരത്തില്‍ താഴെയാണ്. 19,788 നെഗറ്റീവ് കേസുകളും റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ രാജ്യത്തെ രോഗമുക്തി നിരക്ക് 98.10 ശതമാനമായി ഉയര്‍ന്നു.

വിവിധ സംസ്ഥാനങ്ങളിലായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം രണ്ട് ലക്ഷത്തില്‍ താഴെയെത്തി. രാജ്യത്ത് നിലവില്‍ 1.95 ലക്ഷം സജീവ കേസുകളാണുള്ളത്. കൊറോണ മരണങ്ങളുടെ എണ്ണത്തിലും നേരിയ കുറവ് രേഖപ്പെടുത്തി. 144 മരണമാണ് കൊറോണ മൂലം രാജ്യത്ത് ഇന്നലെ സംഭവിച്ചത്.

ഇതോടെ മഹാമാരി ബാധിച്ച് മരിച്ചവരുടെ എണ്ണം 4,52,124 ആയി ഉയര്‍ന്നു. വിവിധ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കുമായി 41.20 ലക്ഷം വാക്സിന്‍ ഡോസുകളാണ് ശനിയാഴ്ച വിതരണം ചെയ്തത്. ഇതുവരെ ഒരു ഡോസ് വാക്സിനെങ്കിലും സ്വീകരിച്ചവരുടെ എണ്ണം 97.65 കോടിയായി ഉയര്‍ന്നതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.