ഇന്ത്യൻ സൈന്യത്തെക്കുറിച്ചുള്ള തന്ത്രപ്രധാന വിവരങ്ങൾ പാക്കിസ്ഥാനും ഐഎസ്ഐക്കും ചോർത്തി നൽകി; മിലിട്ടറി ഉദ്യോഗസ്ഥൻ്റെ പ്യൂണും സൈനികനും അറസ്റ്റിൽ

ന്യൂഡെൽഹി: പാക്കിസ്ഥാൻ ചാര യുവതിക്കും ഐഎസ്ഐക്കും ഇന്ത്യൻ സൈന്യത്തെക്കുറിച്ചുള്ള തന്ത്രപ്രധാന വിവരങ്ങൾ ചോർത്തി നൽകിയ രണ്ട് വ്യത്യസ്ത സംഭവങ്ങളിൽ മിലിട്ടറി ചീഫ് എഞ്ചിനീയറുടെ പ്യൂണും സൈനികനും അറസ്റ്റിൽ. പാകിസ്ഥാൻ യുവതിക്ക് വിവരങ്ങൾ ചോർത്തി നൽകിയ സംഭവത്തിൽ ജോധ്പൂർ സോണിലെ മിലിട്ടറി ചീഫ് എഞ്ചിനീയറുടെ പ്യൂണിനെ രാജസ്ഥാൻ പോലീസാണ് അറസ്റ്റ് ചെയ്തത്. ഐഎസ്ഐക്ക് രഹസ്യങ്ങൾ ചോർത്തി നൽകിയ അംബാല നരൈൻഗഡ് സ്വദേശിയായ സൈനികൻ രോഹിത് കുമാറുമാണ് അറസ്റ്റിലായത്.

മിലിട്ടറി എഞ്ചിനീയറിംഗ് സർവീസിൽ (എംഇഎസ്) ജോധ്പൂർ സോണിന്റെ ചീഫ് എഞ്ചിനീയറുടെ കീഴിൽ ജോലി ചെയ്യുന്ന നാലാം ക്ലാസ് ജീവനക്കാരനായ റാം സിംഗാണ് പാകിസ്ഥാൻ യുവതിക്ക് വിവരങ്ങൾ ചോർത്തി നൽകിയ കേസിൽ പ്രതിയെന്ന് രാജസ്ഥാൻ പോലീസ് ഡയറക്ടർ (ഇന്റലിജൻസ്) ഉമേഷ് മിശ്ര പറഞ്ഞു. 35 കാരനായ രാം സിംഗ് കഴിഞ്ഞ രണ്ട് മാസമായി വാട്ട്‌സ്ആപ്പ് വഴി ഒരു പാകിസ്ഥാൻ വനിതാ ഹാൻഡ്‌ലറുമായി ബന്ധപ്പെട്ടിരുന്നുവെന്ന് ഡിജി മിശ്ര പറഞ്ഞു.

രാം സിംഗിനെ വിവാഹം കഴിക്കാനെന്ന വ്യാജേന ഹണിട്രാപ്പിലൂടെ യുവതി വശീകരിക്കുകയായിരുന്നു. യുവതിക്ക് ഇന്ത്യൻ സൈന്യത്തിന്റെ നിർണായക രേഖകളുടെ ചിത്രങ്ങൾ വാട്ട്‌സ്ആപ്പ് വഴി ഇയാൾ അയച്ചു നൽകുകയായിരുന്നു. രഹസ്യാന്വേഷണ വിഭാഗത്തിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ, ഒരു രഹസ്യാന്വേഷണ സംഘം അദ്ദേഹത്തെ നിരീക്ഷിക്കുന്നുണ്ടായിരുന്നു.

രാം സിംഗിനെ ജോധ്പൂരിലെ ഒന്നിലധികം ഏജൻസികൾ സംയുക്തമായി ചോദ്യം ചെയ്തതായി ഡിജി മിശ്ര പറഞ്ഞു. അശ്ലീല ചാറ്റുകളുടെയും തന്ത്രപരമായ പ്രാധാന്യമുള്ള വിവരങ്ങളുടെയും തെളിവുകൾ രാം സിംഗിന്റെ ഫോണിൽ നിന്ന് കണ്ടെത്തി.

അതേ സമയം പിടിയിലായ രോഹിത് കുമാർ ഭോപ്പാലിൽ സൈന്യത്തിലെ എൻജിനീയറിംഗ് റെജിമെന്‍റിൽ ഹവൽദാറായി ജോലിചെയ്യുകയായിരുന്നു രോഹിത് കുമാർ. ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് രോഹിത് ലീവിന് നാട്ടിലെത്തിയത്. രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിൽ ഹരിയാന പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയായിരുന്നു.

പാക് ഏജന്‍റുമായി തനിക്ക് ബന്ധമുണ്ടെന്നും ഫോട്ടോകൾ ഉൾപ്പടെയുള്ള രഹസ്യ വിവരങ്ങൾ കൈമാറിയിട്ടുണ്ടെന്നും രോഹിത് കുമാർ സമ്മതിച്ചതായാണ് റിപ്പോർട്ടുകൾ. ഇയാളുടെ ഫോണുകളും പിടിച്ചെടുത്തിട്ടുണ്ട്. ഫോണിലെ വിവരങ്ങൾ വിശദമായി പരിശോധിക്കുമെന്ന് മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ ഹാമിദ് അക്തർ പറഞ്ഞു.