ഗർഭഛിദ്രത്തിനുള്ള സമയപരിധി 20 ആഴ്ചയിൽ നിന്ന് 24 ആഴ്ചയായി ഉയർത്തി കേന്ദ്ര സർക്കാർ വിജ്ഞാപനം

ന്യൂഡെൽഹി: രാജ്യത്തെ ഗർഭഛിദ്ര നിയമത്തിൽ സമഗ്ര മാറ്റങ്ങൾ വരുത്തി കേന്ദ്ര സർക്കാർ വിജ്ഞാപനം ഇറങ്ങി. ഗർഭഛിദ്രത്തിനുള്ള സമയപരിധി 20 ആഴ്ചയിൽ നിന്ന് 24 ആഴ്ചയായി ഉയർത്തി. ലൈംഗികാതിക്രമത്തിന് ഇരയായവർ, ഗർഭിണിയായിരിക്കെ വിവാഹബന്ധം വേർപെടുത്തുകയോ വിധവയാകുകയോ ചെയ്തവർ, ഗുരുതര ശാരീരിക – മാനസിക പ്രശ്നങ്ങളുള്ളവർ, സർക്കാർ പുനരധിവാസ കേന്ദ്രങ്ങളിൽ കഴിയുന്നവർ തുടങ്ങിയവർക്ക് 24 ആഴ്ചയ്ക്കുള്ളിലാണെങ്കിൽ ഗർഭം അലസിപ്പിക്കാം.

കുട്ടിയുടെയോ അമ്മയുടെയോ ജീവൻ അപകടത്തിലാകുന്ന സാഹചര്യത്തിൽ മാത്രമേ 24 ആഴ്ചയ്ക്ക് ശേഷം ഗർഭഛിദ്രം അനുവദിക്കൂ. ഗുരുതര വൈകല്യ സാധ്യതയും പരിഗണിക്കും. ഇത്തരം കേസുകളിൽ ഗർഭഛിദ്രം വേണമോയെന്ന് തീരുമാനിക്കാൻ മെഡിക്കൽ ബോർഡിലേക്ക് കൂടുതൽ വിദഗ്ധരെ ഉൾപ്പെടുത്താം. അപേക്ഷ കിട്ടി മൂന്ന് ദിവസത്തിനുള്ളിൽ ബോർഡ് തീരുമാനമെടുക്കണം.

എല്ലാ സുരക്ഷയോടെയുമാണ് ഗർഭഛിദ്രം നടക്കുന്നതെന്ന് ബോർഡ് ഉറപ്പാക്കണം എന്നും പുതിയ നിയമം നിർദേശിക്കുന്നു. 24 ആഴ്ചയ്ക്ക് മുകളിലേക്കുള്ള ഗർഭഛിദ്രത്തിന് സംസ്ഥാന സർക്കാർ നിയോഗിക്കുന്ന മെഡിക്കൽ ബോർഡാണ് അപേക്ഷ പരിഗണിക്കേണ്ടത്.