ലഖിംപൂര്‍ സംഭവം തീര്‍ത്തും അപലപനീയം: കേന്ദ്രമന്ത്രി നിര്‍മ്മല സീതാരാമന്‍

ഹാര്‍വാര്‍ഡ്: ലഖിംപൂര്‍ ഖേരിയിലെ കര്‍ഷക കൂട്ടക്കൊലയെ അപലപിച്ച് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍. അമേരിക്കയിലെ ഹാര്‍വാര്‍ഡ് കെന്നഡി സ്‌കൂള്‍ വിദ്യാര്‍ത്ഥികളുമായുള്ള സംഭാഷണത്തിനിടെയായിരുന്നു നിര്‍മലയുടെ പ്രതികരണം. കര്‍ഷക കൂട്ടക്കൊലയില്‍ പ്രധാനമന്ത്രിയും മറ്റു മുതിര്‍ന്ന മന്ത്രിമാരും മൗനം തുടരുന്നത് എന്തുകൊണ്ടെന്നായിരുന്നു വിദ്യാര്‍ത്ഥികളുടെ ചോദ്യം.

‘ഇക്കാര്യം മാത്രം നിങ്ങള്‍ തിരഞ്ഞു പിടിച്ചു ചോദിച്ചല്ലോ. ലഖിംപുരിലെ സംഭവം അപലപനീയമാണെന്ന കാര്യത്തില്‍ സംശയമില്ല. അതേസമയം ഇത്തരത്തിലുള്ള സംഭവങ്ങള്‍ രാജ്യത്തിന്റെ മറ്റു പല ഇടങ്ങളിലും നടക്കുന്നുണ്ട്.”- നിര്‍മ്മലാ സീതാരാമന്‍ മറുപടി നല്‍കി. ബിജെപി ഭരിക്കുന്ന സംസ്ഥാനമായത് കൊണ്ടാണ് വിഷയം ഇത്രയേറെ ശ്രദ്ധിക്കപ്പെട്ടതെന്നും മറ്റു സംസ്ഥാനങ്ങളിലും ഇത്തരത്തിലുള്ള സംഭവങ്ങള്‍ നടക്കാറുണ്ടെന്നും അവര്‍ പറഞ്ഞു.

ഇത്തരം സംഭവങ്ങൾ മറ്റ് പലര്‍ക്കും അനുയോജ്യമാകണമെന്നില്ലെന്നും അവര്‍ പറഞ്ഞു. രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളില്‍ നടക്കുന്ന ഇത്തരം വിഷയങ്ങളിലും ശ്രദ്ധ പതിപ്പിക്കണം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ തുല്യമായി ഇത്തരം പ്രശ്‌നങ്ങള്‍ സംഭവിക്കുന്നുണ്ട്- അവര്‍ വിദ്യാര്‍ത്ഥികളോട് പറഞ്ഞു.

“നിങ്ങളെയും ഇന്ത്യയെ അറിയാവുന്ന ഡോ. അമര്‍ത്യ സെന്‍ ഉള്‍പ്പെടെയുള്ള മറ്റു പലരെയും, അത്തരം സംഭവങ്ങള്‍ ഉണ്ടാകുമ്പോഴെല്ലാം അത് ഉയര്‍ത്തിപ്പിടിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. എന്റെ ഒരു ക്യാബിനറ്റ് സഹപ്രവര്‍ത്തകന്റെ മകന്‍ ഒരുപക്ഷേ കുഴപ്പത്തിലായിരിക്കാം, മാത്രമല്ല അത് ചെയ്തത് മറ്റാരും അല്ലെന്നും അവര്‍ കരുതുന്നു. ശരിയായ നീതിക്സ്ഥാപിക്കാന്‍ ഒരു സമ്പൂര്‍ണ്ണ അന്വേഷണ പ്രക്രിയയും ഉണ്ടായിരിക്കും, ”-നിര്‍മ്മലാ സീതാരാമന്‍ പറഞ്ഞു.

കാര്‍ഷികനിയമങ്ങള്‍ക്കെതിരെ നടന്ന കര്‍ഷകരുടെ പ്രതിഷേധത്തിനിടയിലേക്കാണ് കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്ര വാഹനം ഇടിച്ചുകയറ്റിയത്.
നാല് കര്‍ഷകരുള്‍പ്പെടെ എട്ടുപേരാണ് അപകടത്തില്‍ കൊല്ലപ്പെട്ടത്. സംഭവത്തില്‍ കേന്ദ്രമന്ത്രിയുടെ മകനെതിരെ കൂടുതല്‍ തെളിവുകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ വിഷയത്തില്‍ പ്രധാനമന്ത്രിയോ കേന്ദ്രമന്ത്രി സഭയിലെ മറ്റ് മന്ത്രിമാരോ ഇതുവരെ പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല.