ആശങ്ക ഉയർത്തി ബെംഗളൂരുവിലെ ബഹുനില പാര്‍പ്പിട സമുച്ചയങ്ങള്‍ അപകടാവസ്ഥയിൽ

ബെംഗളൂരു: കനത്ത മഴ തുടരുന്ന ബെംഗളൂരുവില്‍ വീണ്ടും ബഹുനില പാര്‍പ്പിട സമുച്ചയങ്ങള്‍ അപകടാവസ്ഥയിലാകുന്നത് ആശങ്കയ്ക്കിടയാക്കുന്നു. പടിഞ്ഞാറൻ ബെംഗളുരുവിലെ കമല നഗറില്‍ നാലുനില കെട്ടിടം ചെരിയുന്നതായി കഴിഞ്ഞ രാത്രി താമസക്കാര്‍ പരാതിപ്പെട്ടതിനെ തുടര്‍ന്ന് ആളുകളെ ഒഴിപ്പിച്ചു. കെട്ടിടം പൊളിക്കാന്‍ അധികൃതര്‍ തീരുമാനിച്ചുവെന്നാണു റിപ്പോര്‍ട്ട്. ഇതോടെ നഗരത്തിലെ ബഹുനില പാര്‍പ്പിട സമുച്ചയങ്ങളുടെ നിര്‍മാണത്തിലെ അപാകത വലിയ ആശങ്കകള്‍ക്കും ചര്‍ച്ചകള്‍ക്കും ഇടയാക്കിയിരിക്കുകയാണ്.

കെട്ടിടം ചെരിയുന്നതായി താമസക്കാര്‍ പരാതിപ്പെട്ടതിനെ തുടര്‍ന്ന് അഗ്നിശമന സേനയും പൊലീസും രംഗത്തെത്തി. കെട്ടിടത്തില്‍ താമസിച്ചിരുന്നവരെയും സമീപത്തുള്ളവരെയും ഒഴിപ്പിച്ചുവെന്ന്‌ ബൃഹത് ബെംഗളൂരു മഹാനഗര പാലിക അറിയിച്ചു. കുടുംബങ്ങള്‍ക്ക് താമസസൗകര്യവും ഭക്ഷണവും ഏര്‍പ്പാടാക്കിയെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു. കെട്ടിടത്തിന്റെ അടിത്തറയ്ക്കു ബലമില്ലാത്തതും കനത്ത മഴയുമാണ് ചെരിയാനുള്ള കാരണമെന്നാണ് പ്രാഥമിക നിഗമനം.

ബെംഗളൂരുവില്‍ ദിവസങ്ങളായി അതിശക്തമായ മഴയാണ്. വിവിധയിടങ്ങളില്‍ വെള്ളം കയറി മുങ്ങിയ അവസ്ഥയിലാണ്. കഴിഞ്ഞ വ്യാഴാഴ്ച ബാനസവാടിക്കു സമീപം കസ്തൂരിനഗര്‍ ഡോക്ടേഴ്‌സ് ലേഔട്ടില്‍ അഞ്ചു നില അപ്പാര്‍ട്‌മെന്റ് കെട്ടിടം തകര്‍ന്നു വീണിരുന്നു. കെട്ടിടം തകരും മുന്‍പ് താമസക്കാരെ ഒഴിപ്പിച്ചതിനാല്‍ ആളപായം ഒഴിവായി. നഗരത്തില്‍ രണ്ടാഴ്ചയ്ക്കിടെ തകരുന്ന മൂന്നാമത്തെ ബഹുനില കെട്ടിടമായിരുന്നു ഇത്. ഉച്ചയ്ക്ക് 12.30നു ശേഷം കെട്ടിടത്തില്‍ പൊട്ടലുകള്‍ രൂപപ്പെട്ടതോടെയാണ് താമസക്കാരെ ഒഴിപ്പിച്ചത്.

പൊലീസും അഗ്‌നിശമന സേനയും ചേര്‍ന്ന് ബാരിക്കേഡും മറ്റും കെട്ടി സുരക്ഷ ഉറപ്പാക്കിയിരുന്നു. തുടര്‍ന്ന് വൈകിട്ടോടെയാണ് കെട്ടിടം പൂര്‍ണമായും തകര്‍ന്നു സമീപത്തെ വീടിനു മുകളിലേക്കു വീഴുകയായിരുന്നു. കഴിഞ്ഞയാഴ്ച ഡയറി സര്‍ക്കിളിലെ കര്‍ണാടക മില്‍ക്ക് ഫെഡറേഷനു കീഴിലുള്ള ബാംഗ്ലൂര്‍ മില്‍ക്ക് യൂണിയന്‍ (ബമുല്‍) ക്വാര്‍ട്ടേഴ്‌സും ലക്കസന്ദ്രയില്‍ മെട്രോ നിര്‍മാണ തൊഴിലാളികളെ പാര്‍പ്പിച്ചിരുന്ന മൂന്നുനില കെട്ടിടവും തകര്‍ന്നത് വലിയ ചര്‍ച്ചയായിരുന്നു. തുടര്‍ന്ന് നഗരത്തിലെ കെട്ടിടങ്ങളുടെ ഉറപ്പിനെ കുറിച്ചുള്ള സര്‍വേ നടത്തുമെന്ന് ബിബിഎംപി അറിയിച്ചിരുന്നു.