കെപിസിസി ഭാരവാഹികളെ നാളെ പ്രഖ്യാപിച്ചേക്കും; അന്തിമ പട്ടിക ഹൈക്കമാന്‍ഡിന് കൈമാറി

ന്യൂഡെൽഹി: കെപിസിസി ഭാരവാഹികളുടെ പട്ടിക നാളെ പ്രഖ്യാപിക്കും. ചര്‍ച്ച പൂര്‍ത്തിയാക്കി അന്തിമ പട്ടിക ഹൈക്കമാന്‍ഡിന് കൈമാറി. രാജീവന്‍ മാസ്റ്റര്‍, എം പി വിന്‍സന്‍റ് എന്നീ മുന്‍ ഡിസിസി അധ്യക്ഷന്മാരെ തര്‍ക്കത്തെ തുടര്‍ന്ന് ഒഴിവാക്കാന്‍ തീരുമാനിച്ചു. സമുദായ സമവാക്യം, ദളിത് വനിതാ പ്രാതിനിധ്യം ഉറപ്പ് വരുത്തി 51 പേരടങ്ങുന്ന അന്തിമപട്ടികയാണ് തയ്യാറാക്കിയിരിക്കുന്നത്.

അതേസമയം, കെപിസിസി പുനഃസംഘടനയില്‍ മാനദണ്ഡങ്ങള്‍ അട്ടിമറിക്കാന്‍ ഇടപെട്ടില്ലെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ വിശദീകരിച്ചു. ഒറ്റ ദിവസം കൊണ്ട് പൊട്ടി വീണ നേതാവല്ല താനെന്നും അനധികൃതമായ ഒരിടപെടലും നടത്തിയിട്ടില്ലെന്നും കെ സി വേണുഗോപാല്‍ പ്രതികരിച്ചു. വേണുഗോപാലിനെ പിന്തുണച്ച്‌ കെപിസിസി അധ്യക്ഷന്‍ കെ സുധാകരനും രംഗത്തെത്തി.

പാര്‍ട്ടി പുനസംഘടനകളില്‍ എഐസിസി ജനറല്‍ സെക്രട്ടറി ഇഷ്ടക്കാര്‍ക്കായി കൈകടത്തുന്നുവെന്ന ഗ്രൂപ്പുകളുടെ വിമര്‍ശനത്തിന് മറുപടിയുമായാണ് കെ സി വേണുഗോപാല്‍ രംഗത്തെതിയത്. പുനസംഘടനയില്‍ പൂര്‍ണമായും സംസ്ഥാന നേതൃത്വത്തിൻ്റെ തീരുമാനമാണ് നടപ്പാക്കുന്നതെന്നും അവര്‍ നല്‍കുന്ന പേര് എത്രയും പെട്ടെന്ന് അംഗീകരിച്ചു നല്‍കുക എന്നത് മാത്രമാണ് തൻ്റെ ചുമതലയെന്നും കെ.സി വേണുഗോപാല്‍ പറഞ്ഞു. എല്ലാം തൻ്റെ തലയില്‍ വയ്ക്കാനുള്ള നീക്കമാണ് നടക്കുന്നതെന്നും കെസി വേണുഗോപാല്‍ തുറന്നടിച്ചു.