പണിമുടക്കി ജി-മെയിലും; മെയിലുകള്‍ അയക്കാന്‍ കഴിയുന്നില്ലെന്ന് ഉപയോക്താക്കളുടെ പരാതി

ന്യൂഡെല്‍ഹി: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ജിമെയില്‍ പ്രവര്‍ത്തനരഹിതമായതായി റിപ്പോര്‍ട്ട്. ഇ-മെയിലുകള്‍ അയക്കാനോ സ്വീകരിക്കാനോ കഴിയുന്നില്ലെന്ന് നിരവധി ഉപയോക്താക്കളാണ് പരാതിപ്പെടുന്നത്.

‘ഡൗണ്‍ ഡിറ്റക്ടര്‍’ പ്രകാരം, 68 ശതമാനം ആളുകള്‍ ഇത്തരത്തില്‍ പരാതി ഉന്നയിച്ചിട്ടുണ്ട്. 18 ശതമാനം പേര്‍ സെര്‍വര്‍ കണക്ഷനെക്കുറിച്ച്‌ ആശങ്ക ഉന്നയിച്ചപ്പോള്‍, 14 ശതമാനം ആളുകള്‍ ലോഗിന്‍ പ്രശ്‌നങ്ങള്‍ നേരിടുന്നതായി പറഞ്ഞു.

ജിമെയില്‍ പ്രവര്‍ത്തനരഹിതമായതിനെക്കുറിച്ച്‌ സോഷ്യല്‍ മീഡിയയിലും ചര്‍ച്ചകള്‍ സജീവമാണ്. ‘എനിക്ക് മെയിലുകള്‍ അയക്കാനോ സ്വീകരിക്കാനോ കഴിയുന്നില്ല, ജിമെയില്‍ ഡൗണ്‍ ആണോ’ എന്നായിരുന്നു ഒരാളുടെ ചോദ്യം.

തനിക്ക് മാത്രമാണ് ഈ പ്രശ്‌നം അനുഭവപ്പെട്ടത് എന്നായിരുന്നു ഇത്രയും നേരം കരുതിയതെന്ന് മറ്റ് ചിലരും പറയുന്നു. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ്, ഫേസ്ബുക്ക്, വാട്‌സാപ്പ്, ഇന്‍സ്റ്റഗ്രാം എന്നിവ ‘പണിമുടക്കിയത്’ ഉപയോക്താക്കളെ വലച്ചിരുന്നു. ഇതിനു പുറമേയാണ്, ഇപ്പോള്‍ ജി-മെയിലും ‘എട്ടിന്റെ പണി’ നല്‍കിയത്. സംഭവത്തെക്കുറിച്ച്‌ ഗൂഗിള്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.