യാത്രക്കാരുടെ തുപ്പല്‍; റെയില്‍വേയുടെ സാമ്പത്തിക നഷ്ടം ഒഴിവാക്കാന്‍ സ്റ്റേഷനുകള്‍തോറും ഇനി സ്പിറ്റ് ബാഗുകള്‍

ന്യൂഡെല്‍ഹി: ഇന്ത്യന്‍ റെയില്‍വേയ്ക്ക് സ്ഥിരം തലവേദനയായ യാത്രക്കാരുടെ തുപ്പല്‍ ഒഴിവാക്കാന്‍ പുതിയ നീക്കം. റെയില്‍വേ പ്ലാറ്റ് ഫോമുകളിലും ട്രെയിനുകളിലും യാത്രക്കാര്‍ തുപ്പുന്നത് മൂലം വലിയ സാമ്പത്തിക നഷ്ടമാണ് ഉണ്ടാകുന്നത്. ഇത് ഒഴിവാക്കാനായി ഒരു പരിഹാരമെന്ന നിലയില്‍ ചെറിയ സ്പിറ്റ് ബാഗുകള്‍ ക്രമീകരിക്കാന്‍ ഒരുങ്ങുകയാണ് റെയില്‍വേ.

ഇതനുസരിച്ച് യാത്രക്കാര്‍ക്ക് സ്റ്റേഷനുകളില്‍നിന്ന് ചെറിയ സ്പിറ്റ് ബാഗുകള്‍ വാങ്ങിക്കാന്‍ ലഭിക്കും. ഇതുവഴി വലിയ സാമ്പത്തിക ലാഭമാണ് റെയില്‍വേ ലക്ഷ്യമിടുന്നത്. യാത്രക്കാരുടെ തുപ്പലുകള്‍ കഴുകിക്കളയാനായി മാത്രം 1200 കോടി രൂപയോളമാണ് റെയില്‍വേക്ക് ഒരു വര്‍ഷം ചിലവ് വരുന്നത്.

ട്രെയിനുകളിലും പ്ലാറ്റുഫോമുകളിലും മറ്റും യാത്രക്കാര്‍ മുറുക്കിത്തുപ്പുന്നത് അടക്കം കഴുകാനായി മാത്രം വരുന്ന ചിലവാണിത്. ഈ തുപ്പലുകളുടെ കറ ദീര്‍ഘകാലം നിലനില്‍ക്കുമെന്നതിനാലും ആരോഗ്യ പരിരക്ഷയും കണക്കിലെടുത്ത് വെള്ളവും ലായനിയുമെല്ലാം മേടിച്ച് കഴുകേണ്ട അവസ്ഥയാണ് റെയില്‍വേയ്ക്കുള്ളത്. ഈ വകയിലാണ് റെയില്‍വേക്ക് വലിയൊരു തുക നഷ്ടം വരുന്നത്.

ഈ പ്രതിസന്ധി മറികടക്കാനാണ് റെയില്‍വേ സ്പിറ്റ് ബാഗുകള്‍ കൊണ്ടുവരുന്നത്. പുനരുപയോഗസാധ്യതയുള്ളതും ഉള്ളില്‍ ചെടികളുടെ വിത്തുകളുള്ളതുമായ ചെറിയ പാത്രങ്ങളാണ് റെയില്‍വേ കൊണ്ടുവരുന്നത്. പോക്കറ്റില്‍ ഒതുങ്ങാവുന്ന വലിപ്പത്തിലുള്ള അവ മണ്ണില്‍ പെട്ടെന്ന് അലിയുന്നതും, അതുവഴി പത്രത്തിലുള്ള വിത്തുകളില്‍ നിന്ന് ചെടികള്‍ മുളച്ചുവരുന്നതുമാണ്. അഞ്ച് മുതല്‍ പത്ത് രൂപ വരെയാണ് ഇവയുടെ വില നിശ്ചയിച്ചിരിക്കുന്നത്.

സ്റ്റേഷനുകളിലെ വെന്‍ഡിങ് മെഷീനുകളിലും കിയോസ്‌കുകളിലുമാണ് പാത്രങ്ങള്‍ ലഭിക്കുക. ഇതിനായി ഈസി സ്പിറ്റ് എന്ന് നാഗ്പൂര്‍ ആസ്ഥാനമായുള്ള സ്റ്റാര്‍ട്ടപ്പുമായി റെയില്‍വെ കരാറിലെത്തിയിട്ടുണ്ട്. നോര്‍ത്തേണ്‍, സെന്‍ട്രല്‍, വെസ്റ്റേണ്‍ റെയില്‍വെ സോണുകള്‍ ഇപ്പോള്‍ത്തന്നെ സ്റ്റാര്‍ട്ടപ്പുമായി കരാറിലെത്തിയിട്ടുണ്ട്.