ലഖിംപൂര്‍ കര്‍ഷകഹത്യ; ആശിഷ് മിശ്ര മൂന്ന് ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍

ലഖ്നോ: ലഖിംപൂര്‍ കര്‍ഷക കൊലപാതക കേസില്‍ അറസ്റ്റിലായ ആശിഷ് മിശ്രയെ മൂന്ന് ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. പൊലീസിന്‍റെ കസ്റ്റഡി അപേക്ഷ പരിഗണിച്ചാണ് ലഖിംപൂര്‍ മജിസ്‌ട്രേറ്റ് കോടതി കേന്ദ്ര മന്ത്രി അജയ് മിശ്രയുടെ മകനായ ആശിഷ് മിശ്രയെ കസ്റ്റഡിയില്‍ വിട്ടത്.

ആശിഷ് മിശ്രയെ ഒരാഴ്ചയെങ്കിലും കസ്റ്റഡിയില്‍ വേണമെന്നായിരുന്നു അന്വേഷണ സംഘത്തിന്‍റെ ആവശ്യം. ചോദ്യം ചെയ്യലുമായി ആശിഷ് മിശ്ര സഹകരിക്കുന്നില്ലെന്ന് അന്വേഷണ സംഘം നേരത്തെ വ്യക്തമാക്കിയിരുന്നു. ആശിഷ് മിശ്രയെ കോടതിയിലേക്ക് എത്തിക്കുന്നതിന്‍റെ ഭാഗമായി കോടതി പരിസരത്ത് സുരക്ഷ ശക്തമാക്കിയിരുന്നു.

11 മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് ആശിഷിനെ യുപി പൊലീസ് അറസ്റ്റ് ചെയ്തത്. ലഖിംപൂര്‍ ഖേരിയില്‍ കര്‍ഷക പ്രതിഷേധത്തിലേക്ക് വാഹനമിടിച്ചു കയറ്റി കര്‍ഷകരടക്കം ഒൻപതു പേര്‍ കൊല്ലപ്പെട്ട സംഭവത്തിലാണ് നടപടി.

സംഭവത്തില്‍ നടപടി വൈകുന്നതിനെച്ചൊല്ലി രാജ്യവ്യാപകമായി പ്രതിഷേധം ശക്തമാക്കാനുള്ള കിസാന്‍ മോര്‍ച്ചയുടെ പ്രഖ്യാപനം വന്നതിനു പിറകെയാണ് അറസ്റ്റ്. കൊലപാതകം ഉള്‍പ്പെടെ എട്ട് വകുപ്പുകള്‍ ചേര്‍ത്താണ് ആശിഷ് മിശ്രക്കെതിരെ കേസെടുത്തിരുന്നത്.