കോണ്‍ഗ്രസുമായുള്ള സഖ്യത്തെച്ചൊല്ലി സിപിഎം പോളിറ്റ്‌ ബ്യൂറോയില്‍ ഭിന്നത; മമതയുമായി ചേരണമെന്ന് കേരള നേതാക്കൾ

ന്യൂഡെല്‍ഹി : കോണ്‍ഗ്രസുമായുള്ള സഖ്യത്തെച്ചൊല്ലി സിപിഎം പോളിറ്റ്‌ ബ്യൂറോയില്‍ ഭിന്നത. കണ്ണൂരില്‍ നടക്കാനിരിക്കുന്ന സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിക്കേണ്ട രാഷ്‌ട്രീയ പ്രമേയം ചര്‍ച്ചചെയ്യാനായി ചേര്‍ന്ന പിബി യോഗത്തിലാണു വ്യത്യസ്‌ത നിലപാടുകള്‍ ഉയര്‍ന്നത്‌. ബിജെപിയെ ചെറുക്കാന്‍ കോണ്‍ഗ്രസുമായുള്ള സഖ്യം അനിവാര്യമെന്ന്‌ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും ബംഗാള്‍ ഘടകവും നിലപാടെടുത്തു.

ദേശീയ തലത്തില്‍ പ്രധാന പ്രതിപക്ഷ പാര്‍ട്ടി കോണ്‍ഗ്രസ്‌ തന്നെയാണ്‌. കോണ്‍ഗ്രസിനെ മാറ്റി നിര്‍ത്തി ബിജെപിയെ പ്രതിരോധിക്കാനാകില്ല. ദേശീയ തലത്തില്‍ മൂന്നാം മുന്നണിക്കും ഫെഡറല്‍ മുന്നണിക്കും ഇനി സാധ്യതയില്ല. പ്രാദേശിക തലത്തില്‍ ബിജെപിയ്‌ക്കെതിരായ സഖ്യങ്ങള്‍ രൂപപ്പെടണം. ദേശീയ തലത്തില്‍ തെരഞ്ഞെടുപ്പിന്‌ മുമ്പ്‌ പ്രത്യേക സഖ്യങ്ങള്‍ രൂപപ്പെടുത്തേണ്ടതില്ല.- യെച്ചൂരി പറഞ്ഞു.

തൃണമൂല്‍ കോണ്‍ഗ്രസ്‌ നേതാവ്‌ മമതാ ബാനര്‍ജിയെ മുന്നില്‍ നിര്‍ത്തി രൂപപ്പെട്ട ബദല്‍ പ്രതിപക്ഷനിരയുടെ ഭാഗമാകുകയാണ്‌ വേണ്ടതെന്ന്‌ കേരളാ ഘടകം നിലപാടെടുത്തു. സംസ്‌ഥാനത്ത്‌ കോണ്‍ഗ്രസ്‌ ദുര്‍ബലപ്പെട്ട സാഹചര്യമാണ്‌. കേന്ദ്ര തലത്തില്‍ രൂപപ്പെടുന്ന കോണ്‍ഗ്രസ്‌ സഖ്യത്തെ ന്യായീകരിക്കാന്‍ സാധിക്കാത്ത അവസ്‌ഥയുണ്ടാകുന്നത്‌ കോണ്‍ഗ്രസിന്‌ ഗുണകരമാകുമെന്ന പ്രയാസവും കേരളാ ഘടകം ചൂണ്ടിക്കാട്ടി.

വര്‍ഗീയതയെ ചെറുക്കാന്‍ കോണ്‍ഗ്രസിനു സാധിക്കില്ലെന്ന കേരളാ ഘടകത്തിന്റെ നിലപാട്‌ പ്രമേയത്തില്‍ ഉള്‍പ്പെടുത്തും. ബംഗാളില്‍ പാര്‍ട്ടിയെ പുനര്‍ജീവിപ്പിക്കാനുള്ള പദ്ധതികളും യോഗത്തില്‍ ചര്‍ച്ചയായി. കോണ്‍ഗ്രസ്‌ സഖ്യത്തിനായി മുന്നിട്ട്‌ നില്‍ക്കുന്ന യെച്ചൂരിയുടെ വാദത്തിന്‌ വീണ്ടും അംഗീകാരം ലഭിക്കുന്നതോടെ ജനറല്‍ സെക്രട്ടറി പദത്തില്‍ തുടര്‍ച്ചയ്‌ക്കാണ്‌ സാധ്യത തെളിയുന്നത്‌.