പ്രധാനമന്ത്രി കര്‍ഷകരെ തിരിഞ്ഞു നോക്കുന്നില്ല; ലഖ്‌നൗവില്‍ പോയ പ്രധാനമന്ത്രി ലഖിംപൂര്‍ സന്ദര്‍ശിച്ചില്ല; രൂക്ഷ വിമര്‍ശനവുമായി പ്രിയങ്ക ഗാന്ധി

വാരണാസി: യുപിയില്‍ കര്‍ഷകര്‍ക്കും സ്ത്രീകള്‍ക്കും നീതി നിഷേധിക്കപ്പെടുകയാണെന്ന് പ്രിയങ്ക ഗാന്ധി. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും മുഖ്യമന്ത്രി യോഗി ആദിത്യനാഥിനുമെതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ച പ്രിയങ്ക കേസിലെ പ്രതിയായ കേന്ദ്രമന്ത്രിയുടെ മകനെ സര്‍ക്കാര്‍ സംരക്ഷിക്കുകയാണെന്നും ആരോപിച്ചു. വാരണാസിയില്‍ നടന്ന കിസാന്‍ റാലിയിലാണ് പ്രിയങ്കയുടെ വിമര്‍ശനം.

കര്‍ഷകരെ പ്രധാനമന്ത്രി തിരിഞ്ഞു നോക്കുന്നില്ലെന്ന് പറഞ്ഞ പ്രിയങ്ക ലഖിംപൂരില്‍ കൊല്ലപ്പെട്ട കര്‍ഷകരുടെ കുടുംബങ്ങള്‍ നീതിക്കായി കേഴുകയാണെന്നും അഭിപ്രായപ്പെട്ടു. ലഖ്‌നൗവില്‍ വന്ന പ്രധാനമന്ത്രിക്ക് അവിടെ നിന്നും അധികം അകലെയല്ലാത്ത ലഖിംപൂരില്‍ വരെ പോവാന്‍ ആവില്ലെന്നും അവര്‍ കുറ്റപ്പെടുത്തി. കര്‍ഷകരുടെ കണ്ണീരൊപ്പാനോ അവരെ ചേര്‍ത്ത് നിര്‍ത്താനോ പ്രധാനമന്ത്രി അവിടെയെത്തിയില്ല. പ്രിയങ്ക കൂട്ടിച്ചേര്‍ത്തു.

സോന്‍ഭദ്രയില്‍ കൊല്ലപ്പെട്ട ആദിവാസികളെ കുറിച്ച് പറഞ്ഞാണ് പ്രിയങ്ക തന്റെ പ്രസംഗം ആരംഭിച്ചത്. രണ്ടു വര്‍ഷമായുള്ള തന്റെ പ്രവര്‍ത്തനത്തിനിടെ ഉത്തര്‍പ്രദേശില്‍ താന്‍ കണ്ട സത്യങ്ങളാണ് ജനങ്ങള്‍ക്ക് മുന്നില്‍ പറയുന്നതെന്നും അവര്‍ പറഞ്ഞു. കൊറോണ മഹാമാരിക്കിടെയിലും സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായ അവഗണനയെക്കുറിച്ചും പ്രിയങ്ക ഓർമ്മിച്ചു.

ഓക്‌സിജന്‍ ദൗര്‍ലഭ്യതയെക്കുറിച്ച് പറഞ്ഞയാളെ ജയിലിലടച്ചു. ഹത്രാസിലെ പെണ്‍കുട്ടിയോട് അനീതി പുലര്‍ത്തി. അവള്‍ക്ക് അവസാന യാത്ര നല്‍കാന്‍ പോലുമുള്ള അവസരം നിഷേധിച്ചു. അവരും നീതിക്കായി മുറവിളികൂട്ടി. തന്നോട് ആവശ്യപ്പെട്ടതും അതാണ്. പ്രിയങ്ക പറഞ്ഞു. എല്ലാ ഇരകളും നഷ്ടപരിഹാരം അല്ല ആവശ്യപ്പെടുന്നത്. തങ്ങള്‍ക്ക് അര്‍ഹമായ നീതിയാണെന്നും അവര്‍ ചൂണ്ടികാട്ടി.