ലഖിംപൂര്‍ സംഭവം വഗ്ഗീയവൽക്കരിക്കുന്നു; ഹിന്ദു-സിഖ് സംഘര്‍ഷമാക്കി മാറ്റാന്‍ ശ്രമിക്കുന്നതായി വരുണ്‍ ഗാന്ധി

ന്യൂഡെല്‍ഹി: ലഖീംപൂര്‍ ഖേരിയില്‍ കര്‍ഷകരെ വാഹനം ഇടിച്ച് കൊലപ്പെടുത്തിയ സംഭവം വര്‍ഗ്ഗീയവത്ക്കരിക്കാന്‍ ശ്രമം നടക്കുന്നതായി ബിജെപി എംപി വരുണ്‍ ഗാന്ധി. സംഭവത്തെ ഹിന്ദു -സിഖ് സംഘര്‍ഷമാക്കി അവതരിപ്പാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു.

ദേശീയ ഐക്യത്തിന് മേല്‍ രാഷ്രീയ ലാഭമുണ്ടാക്കാന്‍ രാഷ്ട്രീയ നേതാക്കള്‍ ശ്രമിക്കരുതെന്നും വരുണ്‍ ഗാന്ധി പറഞ്ഞു. എന്നാല്‍ ഒരു നേതാക്കളുടെയും പേര് എടുത്ത് പരാമര്‍ശിക്കാന്‍ വരുണ്‍ ഗാന്ധി തയ്യാറായില്ല. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പരാമര്‍ശിച്ചത്.

കഴിഞ്ഞ ദിവസം ലഖിംപൂര്‍ സംഭവത്തെക്കുറിച്ച പരാമര്‍ശിച്ചതിന് തൊട്ട് പിന്നാലെ ബിജെപി ദേശീയ നിര്‍വാഹക സമിതിയില്‍ നിന്നും വരുണ്‍ ഗാന്ധിയേയും അമ്മ മേനക ഗാന്ധിയേയും ഒഴിവാക്കിയിരുന്നു. ഇതിനോട് അടുത്ത് തന്നെയാണ് പുതിയ പ്രതികരണം എന്നതും ശ്രദ്ധേയമാണ്.

വരുണിന്റെ പരാമര്‍ശങ്ങളില്‍ ബിജെപി നേതൃത്വത്തിന് കടുത്ത പ്രതിഷേധമുണ്ടെങ്കിലും അത് ഇതുവരെ മറനീക്കി പുറത്തുവന്നിട്ടില്ല. കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയും മകന്‍ ആശിഷ് മിത്രയുള്‍പ്പെട്ട സംഘം പ്രതിഷേധക്കാര്‍ക്ക് ഇടയിലേക്ക് കാര്‍ ഓടിച്ച് കയറ്റുകയായിരുന്നു എന്നാണ് സംയുക്ത കിസാന്‍ മോര്‍ച്ചയുടെ ആക്ഷേപം. എന്നാല്‍ ആക്ഷേപങ്ങള്‍ അജയ് മിശ്ര തള്ളിയിരുന്നു.

ഒക്ടോബര്‍ മൂന്നിന് നടന്ന ലഖിംപൂര്‍ ഖേരി സംഭവത്തില്‍ നാല് കര്‍ഷകര്‍ ഉള്‍പ്പെടെ എട്ട് പേര്‍ മരിച്ചിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ആശിഷ് മിശ്ര ഇപ്പോള്‍ പൊലീസ് കസ്റ്റഡിയിലാണ്. സംഭവത്തില്‍ നേരത്തെ രണ്ട് പേരെ അറസ്റ്റ് ചെയ്യുകയും നിരവധി പേര്‍ക്കെതിരെ യുപി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തിരുന്നു.