ബിജെപിയെ നേരിടാന്‍ നിങ്ങളെക്കൊണ്ട് മാത്രം കഴിയില്ല; പ്രതിപക്ഷ നിര ശക്തിപ്പെടുത്തണം; കോണ്‍ഗ്രസിന് നിര്‍ദ്ദേശവുമായി മമത

കൊല്‍ക്കത്ത: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയെ വീഴ്ത്താന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ശ്രമിക്കുമ്പോള്‍ കോണ്‍ഗ്രസിന് നിര്‍ദ്ദേശവുമായി മമതാ ബാനര്‍ജി. ബിജെപിയ പരാജയപ്പെടുത്താന്‍ ദേശീയതലത്തില്‍ കോണ്‍ഗ്രസിനു മാത്രം കഴിയുന്നില്ലെന്ന യാഥാര്‍ഥ്യം അംഗീകരിക്കണമെന്ന് മമത പറഞ്ഞു. തെരഞ്ഞെടുപ്പിനു മുന്‍പായി പ്രതിപക്ഷ നിര ശക്തിപ്പെടുത്തണം. തൃണമൂല്‍ കോണ്‍ഗ്രസ് മുഖപത്രമായ ജാഗോ ബംഗ്ലായില്‍ ഡെല്‍ഹി വിളിക്കുന്നു എന്ന പേരിലെഴുതിയ ലേഖനത്തിലാണ് മമതയുടെ തുറന്ന വിമര്‍ശനം.

പശ്ചിമ ബംഗാള്‍ തെരഞ്ഞെടുപ്പില്‍ ബിജെപിയെ പരാജയപ്പെടുത്തിയത് തൃണമൂലായിരുന്നു. ബിജെപിയ്‌ക്കെതിരെ ദേശീയതലത്തില്‍ പ്രതിപക്ഷ മുഖമാകുന്നത് തൃണമൂല്‍ കോണ്‍ഗ്രസാണെന്നതിന്റെ തെളിവാണ് ഇതെന്ന് അവര്‍ ചൂണ്ടിക്കാട്ടി. രാജ്യത്തിന്റെ നന്മയ്ക്കു വേണ്ടി എല്ലാ പ്രതിപക്ഷ പാര്‍ട്ടികളും ഒരുമിക്കണം. ഇതിനായി ബദല്‍ സംവിധാനം ശക്തിപ്പെടണം. നയങ്ങളുടെയും പദ്ധതികളുടെയും അടിസ്ഥാനത്തിലായിരിക്കണം ഈ സംവിധാനം. എന്നാല്‍ 2024ല്‍ നടക്കാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസില്ലാതെ ദേശീയതലത്തില്‍ പ്രതിപക്ഷം ശക്തിപ്പെടുത്താന്‍ സാധിക്കില്ലെന്നും അവര്‍ പറയുന്നുണ്ട്.

ബിജെപിയെ നേരിടാന്‍ തൃണമൂല്‍ ശക്തമാണെന്ന് വ്യക്തമാക്കുന്ന മമത, കോണ്‍ഗ്രസ് എന്തുകൊണ്ട് പ്രബരല്ലെന്നും ചൂണ്ടികാണിക്കുന്നുണ്ട്. സമീപഭാവിയില്‍ ബിജെപിയെ പരാജയപ്പെടുത്താന്‍ കോണ്‍ഗ്രസിനു കഴിഞ്ഞിട്ടില്ലെന്നാണ് മമതയുടെ ഒരു പ്രധാന വിലയിരുത്തല്‍. കഴിഞ്ഞ രണ്ട് ലോക്‌സഭാ തെരഞ്ഞെടുപ്പുകളില്‍ ഇത് തെളിഞ്ഞതാണ്. നിയമസഭാ തെരഞ്ഞെടുപ്പിനു പിന്നാലെ താന്‍ ഭാവനിപൂര്‍ മണ്ഡലത്തിലും ബിജെപിയ്‌ക്കെതിരെ 58000 വോട്ടുകള്‍ക്ക് വിജയിച്ചതിനു പിന്നാലെയായിരുന്നു മമത ഇക്കാര്യം വ്യക്തമാക്കിയത്.

പരാജയം ഉള്‍ക്കൊള്ളാന്‍ സാധിക്കാത്ത ബിജെപി വര്‍ഗീയ രാഷ്ട്രീയം നടപ്പാക്കാന്‍ ശ്രമിക്കുകയാണെന്നും മമത ബാനര്‍ജി ആരോപിച്ചു. ബിജെപിയുടെ ജനവിരുദ്ധ നയങ്ങള്‍ക്കും ഫാസിസ്റ്റ് ശക്തികള്‍ക്കുമെതിരെ ഡെല്‍ഹിയില്‍ പൊരുതാനാണ് തൃണമൂല്‍ കോണ്‍ഗ്രസിന്റെ പുതിയ നയമെന്നും മമത ബാനര്‍ജി വ്യക്തമാക്കി. കഴിഞ്ഞ ജൂലൈ 26ന് ഡെല്‍ഹിയിലെത്തി പ്രതിപക്ഷ നേതാക്കളുമായി ചര്‍ച്ച നടത്തിയ മമത അടുത്ത മാസം വീണ്ടും രാജ്യതലസ്ഥാനത്തെത്തും.

സംയുക്ത പ്രതിപക്ഷ സഖ്യത്തിന്റെ നേതൃസ്ഥാനമാണ് മമത ബാനര്‍ജിയുടെ ലക്ഷ്യം. കോണ്‍ഗ്രസ് അധ്യക്ഷനായി രാഹുല്‍ ഗാന്ധി ഉടന്‍ തിരിച്ചെത്തിയേക്കുമെങ്കിലും 2024 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷത്തുനിന്ന് മമത ബാനര്‍ജി മോദിയ്‌ക്കെതിരെ മത്സരിക്കുമെന്നാണ് വിലയിരുത്തല്‍. പാര്‍ലമെന്റ് സമ്മേളനം നടക്കാനിരിക്കേയാണ് മമതയുടെ പുതിയ നീക്കങ്ങള്‍.