ഇന്ത്യയുടെ സമ്മര്‍ദ്ദം ഫലം കണ്ടു; രണ്ട് ഡോസ് വാക്‌സിനും സ്വീകരിച്ചവര്‍ക്ക് ക്വാറന്റൈന്‍ വേണ്ടെന്ന് ബ്രിട്ടണ്‍

ലണ്ടന്‍: ഇന്ത്യയിൽ നിന്ന് ബ്രിട്ടണിലേക്കുള്ള യാത്രയ്ക്ക് ക്വാറന്റൈന്‍ മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തി. ഇന്ത്യയില്‍ നിന്ന് വരുന്നവർ രണ്ട് ഡോസ് കൊറോണ വാക്‌സിന്‍ സ്വീകരിക്കണമെന്നും ക്വാറന്റൈന്‍ ഇരിക്കണമെന്ന വ്യവസ്ഥയും ബ്രിട്ടണ്‍ പിന്‍വലിച്ചു. ഇതോടെ തിങ്കളാഴ്ച മുതല്‍ കോവിഷീല്‍ഡ് വാക്‌സിനോ ബ്രിട്ടണ്‍ അംഗീകരിച്ച മറ്റ് ഏതെങ്കിലും വാക്‌സിനോ രണ്ട് ഡോസും സ്വീകരിച്ചവര്‍ക്ക് ബ്രിട്ടണിലെത്തിയ ശേഷം ക്വാറന്റൈന്‍ പാലിക്കേണ്ടതില്ല.

ഇന്നലെയാണ് രാജ്യത്തേക്ക് കടക്കാനുള്ള ക്വാറന്റൈന്‍ മാനദണ്ഡങ്ങളില്‍ ബ്രിട്ടണ്‍ വ്യക്തത വരുത്തിയത്. അന്താരാഷ്ട്ര തലത്തില്‍ ഇന്ത്യയുടെ സമ്മര്‍ദ്ദം ഉണ്ടായതോടെയാണ് യുകെ ക്വാറന്റൈന്‍ നിയമത്തില്‍ മാറ്റം വരുത്തിയത്. ഇന്ത്യയുടെ കോവിഷീല്‍ഡ് അല്ലെങ്കില്‍ ബ്രിട്ടന്റെ അനുമതിയുള്ള വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് മാത്രമാകും ഇളവ് ബാധകമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഇത് സംബന്ധിച്ച് ഇന്ത്യയിലെ ബ്രിട്ടീഷ് ഹൈക്കമ്മീഷണര്‍ അലക്‌സ് എല്ലീസ് ട്വിറ്ററിലൂടെ വീഡിയോ പങ്കുവച്ചിട്ടുണ്ട്.

‘ഒക്ടോബര്‍ 11 മുതല്‍ കോവിഷീല്‍ഡ് അല്ലെങ്കില്‍ യുകെ അംഗീകരിച്ച മറ്റേതെങ്കിലും വാക്‌സിന്‍ ഉപയോഗിച്ച് പൂര്‍ണ്ണമായി വാക്‌സിനേഷന്‍ ലഭിച്ച ഇന്ത്യന്‍ യാത്രക്കാര്‍ക്ക് യുകെയിലേക്ക് ക്വാറന്റൈന്‍ ഇല്ല. കഴിഞ്ഞ മാസങ്ങളില്‍ ഇതിനായി അടുത്ത് സഹകരിച്ച ഇന്ത്യ സര്‍ക്കാരിന് നന്ദി’ – എല്ലീസിന്റെ ട്വീറ്റില്‍ പറയുന്നു.

ഇതോടെ യുകെയുടെ വാക്‌സിനേഷന്റെ അംഗീകൃത ഇന്ത്യയും പട്ടികയില്‍ ചേരും. നേരത്ത ബ്രിട്ടന്റെ വാക്‌സിന്‍ നയത്തെ ചൊല്ലി ഇരുരാജ്യങ്ങള്‍ക്കിടയിലും അഭിപ്രായ വ്യത്യാസം ഉടലെടുത്തിരുന്നു. വാക്‌സിന്‍ എടുത്തതിന് ശേഷവും ഇന്ത്യയില്‍ നിന്നും എത്തുന്നവര്‍ക്ക് ക്വാറന്റൈന്‍ ഏര്‍പ്പെടുത്തിയ ബ്രിട്ടന്റെ നടപടിക്ക് അതേനാണയത്തില്‍ തന്നെ ഇന്ത്യ മറുപടി നല്‍കിയിരുന്നു. ഇന്ത്യയില്‍ എത്തുന്ന ബ്രിട്ടീഷുകാര്‍ക്കും കഴിഞ്ഞ ദിവസം ക്വാറന്റൈന്‍ ഏര്‍പ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് നടപടിയില്‍ ബ്രിട്ടന്‍ മാറ്റം വരുത്തിയത്.

ഒക്ടോബര്‍ 11ന് മുന്‍പ് യുകെയില്‍ എത്തുന്നവര്‍ പ്രതിരോധ കുത്തിവയ്പ്പ് എടുക്കാത്ത ആളുകളുടെ നിയമങ്ങള്‍ പാലിക്കേണ്ടതുണ്ട്. അതേസമയം, 11 -ാം തീയതിക്ക് ശേഷം എത്തുന്നവര്‍ക്ക് അവരുടെ വാക്‌സിനേഷന്‍ നില തെളിയിക്കുന്നതിനും ക്വാറന്റൈന്‍ ആവശ്യകതകള്‍ ഒഴിവാക്കുന്നതിനും അവരുടെ വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് കാണിക്കേണ്ടതാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.