ന്യൂഡെല്‍ഹി: അതിര്‍ത്തിയില്‍ വീണ്ടും ചൈനീസ് പ്രകോപനം. അരുണാചല്‍ പ്രദേശില്‍ അതിര്‍ത്തി പങ്കിടുന്ന യഥാര്‍ത്ഥ നിയന്ത്രണ രേഖയ്ക്ക് സമീപം കടന്നുകയറാന്‍ ശ്രമിച്ച 200 ചൈനീസ് സൈനികരെ ഇന്ത്യ തടഞ്ഞതായി റിപ്പോര്‍ട്ട്. താവാങ് സെക്ടറില്‍ ചൈന നടത്തിയ കടന്നുകയറ്റം ഇന്ത്യന്‍ സൈന്യം തടയുകയായിരുന്നുവെന്ന് ഒരു ദേശീയ മാധ്യമമാണ് റിപ്പോര്‍ട്ട് ചെയതത്.
കിഴക്കന്‍ ലഡാക്കില്‍ ചൈനയുമായി നിലനില്‍ക്കുന്ന അതിര്‍ത്തി തര്‍ക്കം പരിഹരിക്കാനുള്ള നീക്കങ്ങള്‍ നടക്കുന്നതിനിടെയാണ് അരുണാചലില്‍ ചൈന പ്രകോപനം സൃഷ്ടിക്കുന്നത്. പ്രദേശത്ത് ഇന്ത്യന്‍ സൈന്യം നടത്തിയ പെട്രോളിംഗിനിടെയാണ് ചൈനീസ് അതിക്രമം ശ്രദ്ധയില്‍പ്പെട്ടത്. ഇത് പ്രതിരോധിച്ചതോടെ സംഘര്‍ഷാവസ്ഥയിലേക്ക് കാര്യങ്ങള്‍ നീങ്ങുകയും പിന്നീട്, പ്രാദേശിക കമാന്‍ഡര്‍മാര്‍ ഇടപെട്ട് പ്രശ്‌നം പരിഹരിക്കുകയായിരുന്നെന്നും റിപ്പോര്‍ട്ട് പറയുന്നു.
എന്നാല്‍ ആളപായമോ നാശനഷ്ടങ്ങളോ ഉണ്ടായിട്ടില്ലെന്നും ഇന്ത്യന്‍ സൈന്യം പറയുന്നു. ഇതിന് സമാനമായി ഓഗസ്റ്റ് 30ന് ഉത്തരാഖണ്ഡിലെ ബരാഹോതി മേഖലയില്‍ ചൈനയുടെ പിഎല്‍എ നിയന്ത്രണരേഖ മറികടന്ന് ഇന്ത്യന്‍ അതിര്‍ത്തിയില്‍ പ്രവേശിച്ചതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. നൂറിലധികം സൈനികരാണ് അതിര്‍ത്തി കടന്നത്. ഏതാനും മണിക്കൂര്‍ ഇവിടെ ചെലവഴിച്ച ശേഷം മടങ്ങിപ്പോകുകയും ചെയ്തുവെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
അന്ന് ചൈനീസ് സൈന്യത്തിന്റെ കടന്നുകയറ്റത്തിന് പിന്നാലെ മറുപടിയെന്നവണ്ണം ഇന്ത്യ പ്രദേശത്ത് പട്രോളിങ് നടത്തുകയും ചെയ്തിരുന്നു.
കഴിഞ്ഞ വര്‍ഷം മേയ് അഞ്ചിന് കിഴക്കന്‍ ലഡാക്കില്‍ പാംഗോങ് തടാക മേഖലയിലുണ്ടായ സംഘര്‍ഷം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെ കൂടുതല്‍ വഷളാക്കിയിരുന്നു. തുടര്‍ന്ന് നടത്തിയ ചര്‍ച്ചകളുട ഫലമായി ഫെബ്രുവരിയില്‍ സൈനത്തെ പിന്‍വലിക്കാന്‍ തയ്യാറാകുകയായിരുന്നു.