മകന്‍ എങ്ങിനെ മരിച്ചു എന്നതില്‍ സംശയമില്ല; മന്ത്രിയുടെ മകന്റെ കാറിടിച്ച് തന്നെ; മാധ്യമ പ്രവര്‍ത്തകന്റെ കുടുംബം

ലക്നൗ: ലഖിംപൂരില്‍ നടന്ന സംഭവങ്ങള്‍ വളച്ചൊടിക്കാന്‍ ചിലര്‍ ശ്രമിക്കുകയാണെന്ന കൊല്ലപ്പെട്ട മാധ്യമ പ്രവര്‍ത്തകന്റെ കുടുംബം. ഞായറാഴ്ച ലഖിംപൂര്‍ ഖേരിയില്‍ നടന്ന സംഘര്‍ഷത്തില്‍ മാധ്യമപ്രവര്‍ത്തകനായ രാമന്‍ കശ്യപ് എങ്ങനെയാണ് മരിച്ചത് എന്നതിന്റെ വിശദാംശങ്ങള്‍ പൊലീസ് ഇതുവരെ പുറത്തുവിട്ടിട്ടില്ല. പരാതി നല്‍കിയിട്ടും സംഭവത്തില്‍ കേസെടുത്തിട്ടില്ലെന്നും അദ്ദേഹത്തിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ലഭിച്ചിട്ടില്ലെന്നും കുടുംബം പറയുന്നു.

എന്നാല്‍, കശ്യപിന്റെ മരണത്തില്‍ മറ്റ് സംശയങ്ങളിലെന്നും മന്ത്രിയുടെ കാര്‍ പാഞ്ഞു കയറി തന്നെയാണ് മരിച്ചതെന്നും അദ്ദേഹത്തിന്റെ കുടുംബം വിശ്വസിക്കുന്നു. ശരീരത്തിലെ അടയാളങ്ങള്‍ ഇത് സൂചിപ്പിക്കുന്നുണ്ടെന്നും അവര്‍ പറയുന്നു.

”കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷിന്റെ വാഹനവ്യൂഹം കര്‍ഷകര്‍ക്കിടയിലേക്ക് പാഞ്ഞുകയറിയപ്പോള്‍ തന്നെയാണ് കശ്യപ് കൊല്ലപ്പെട്ടത്. വാഹനം കര്‍ഷകര്‍ക്കിടിയിലേക്ക് ഇടിച്ചു കയറുന്നതിന്റെ ദൃശ്യങ്ങളില്‍ ഇത് വ്യക്തമാണ്. എന്റെ സഹോദരന്‍ എസ്യുവികള്‍ ഇടിച്ചതിനെ തുടര്‍ന്നാണ് മരിച്ചത്. ശരീരത്തില്‍ കാര്‍ ചക്രങ്ങളുടെ അടയാളങ്ങള്‍ ഉണ്ടായിരുന്നു. അത് എങ്ങനെ സംഭവിച്ചുവെന്ന് വ്യക്തമായി കാണാം. അവന്‍ എങ്ങനെ മരിച്ചു എന്നതില്‍ സംശയമില്ല. മന്ത്രിയുടെ മകന്റെ കറിടച്ചതിനാലാണ്.”- കശ്യപിന്റെ സഹോദരന്‍ പവന്‍ പറയുന്നു.

എന്നാല്‍ ചില ചാനലുകള്‍ സംഭവത്തെ വളച്ചൊടിക്കാന്‍ ശ്രമിച്ചത് ഞെട്ടലുണ്ടാക്കിയെന്നും പവന്‍ പറഞ്ഞു. സംഭവത്തില്‍ കൊല്ലപ്പെട്ട എട്ടു പേരില്‍ നാല് പേര്‍ കര്‍ഷകരാണെന്ന് പൊലീസ് തിരിച്ചറിഞ്ഞിരുന്നു. മറ്റുള്ളവരില്‍ ഒരാളാണ് 35-കാരനായ കശ്യപ്.”ഞങ്ങള്‍ തുടക്കം മുതല്‍ പറഞ്ഞത് ഒന്നുതന്നെയായിരുന്നു, ചില ചാനലുകള്‍ ഞങ്ങളുടെ പ്രസ്താവനകള്‍ എഡിറ്റ് ചെയ്യുകയും വളച്ചൊടിക്കുകയും ചെയ്തു.” പവന്‍ കൂട്ടിച്ചേര്‍ത്തു.

രാമന്‍ കശ്യപിന്റെ പിതാവ് റാം ദുലാരെ കശ്യപ് തിങ്കളാഴ്ച നിഘാസന്‍ പൊലീസ് സ്റ്റേഷനില്‍ രേഖാമൂലം പരാതി നല്‍കിയിരുന്നു. ഇതില്‍ ആശിഷുമായി ബന്ധമുള്ള ഒരു കാര്‍ ഇടിച്ചതിനെ തുടര്‍ന്ന് കശ്യപ് മരിച്ചതെന്ന് പറയുന്നു. കശ്യപിനെ നേരെ വെടിയുതിര്‍ത്തതായും സംഭവത്തിന്റെ ദൃശ്യങ്ങളില്‍ വെടിയൊച്ചകള്‍ കേള്‍ക്കാമെന്നുമാണ് പരാതിയില്‍ പറയുന്നത്.

പക്ഷെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തില്ല. എന്തുകൊണ്ടാണ് പരാതിയില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാതിരുന്നത് എന്ന് അന്വേഷിച്ചപ്പോള്‍, പരാതി ടികുനിയ പോലീസ് സ്റ്റേഷനിലക്ക് കൈമാറിയെന്നും തുടര്‍ന്ന് നടപടികള്‍ അവിടെ സ്വീകരിക്കുമെന്നുമാണ് നിഘാസന്‍ എസ്എച്ഒ രാം ലഖാന്‍ പറഞ്ഞത്.

കശ്യപിന്റെ ശരീരത്തില്‍ ടയറുകള്‍ക്ക് അടിയില്‍പ്പെട്ട് വലിച്ചിഴക്കപ്പെട്ടതിന്റെ അടയാളങ്ങളുണ്ടായിരുന്നു എന്ന്് പിതാവും വ്യക്തമാക്കുന്നു. ”അവന്റെ ശരീരത്തില്‍ ചില കല്ലുകള്‍ കുടുങ്ങിയിരുന്നു. തങ്ങള്‍ കര്‍ഷകരായതിനാല്‍ തുടക്കം മുതല്‍ അവനെ പിന്തുണച്ചിട്ടുണ്ട്, രാമന്‍ ആദ്യം കര്‍ഷകനായിരുന്നു പിന്നീടാണ് മാധ്യമപ്രവര്‍ത്തകനായത്,” അദ്ദേഹം പറഞ്ഞു.

ഞായറാഴ്ച കര്‍ഷക പ്രക്ഷോഭം റിപ്പോര്‍ട്ട് ചെയ്യുന്നതിനായാണ് രാമന്‍ കശ്യപ് പോയത്. സംഘര്‍ഷത്തിനു ശേഷം മൊബൈലില്‍ തുടര്‍ച്ചായി വിളിച്ചെങ്കിലും സ്വിച്ച് ഓഫ് ആയിരുന്നു. അടുത്ത ദിവസം രാവിലെ അജ്ഞാത മൃതദേഹം കണ്ടെത്തി എന്ന് പൊലീസ് അറിയിച്ചതിനെ തുടര്‍ന്ന് പോയി നോക്കിയപ്പോള്‍ മരിച്ചത് രാമന്‍ ആണെന്ന് തിരിച്ചറിയുകയായിരുന്നുവെന്ന് പവന്‍ പറഞ്ഞു.