കശ്മീരില്‍ സ്‌കൂളില്‍ ഭീകരാക്രമണം; പ്രിന്‍സിപ്പലും അധ്യാപകനും കൊല്ലപ്പെട്ടു

ശ്രീനഗര്‍: ജമ്മുകശ്മീരിലെ ശ്രീനഗറില്‍ സ്‌കൂളിന് നേരെ ഭീകരാക്രമണം. ആക്രമണത്തില്‍ പ്രധാന അധ്യാപകയും അധ്യാപകനും വെടിയേറ്റ് മരിച്ചു. സംഗം മേഖലയിലെ സര്‍ക്കാര്‍ ബോയ്‌സ് ഹയര്‍ സെക്കന്ററി സ്‌കൂളിലാണ് ആക്രമണമുണ്ടായത്. രാവിലെ 11 മണിയോടെ സ്‌കൂളില്‍ കടന്ന ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു.

സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സതീന്ദര്‍ കൗര്‍, അധ്യാപകന്‍ ദീപക് ചന്ദ് എന്നിവരാണ് ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടത്. ആക്രമണം നടന്ന ഉടനെ ഇരുവരേയും ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പ്രദേശത്ത് സുരക്ഷാ സേന തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.

ഇതോടെ മൂന്ന് ദിവസത്തിനിടെ ശ്രീനഗറില്‍ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം അഞ്ചായി. രണ്ട് ദിവസം മുന്‍പ് കശ്മീരി പണ്ഡിറ്റായ ഒരു മെഡിക്കല്‍ ഷോപ്പ് ഉടമയേയും വഴിയോട കച്ചവടക്കാരനേയും ടാക്‌സി ഡ്രൈവറേയും ഭീകരര്‍ വെടിവച്ച് കൊലപ്പെടുത്തിയിരുന്നു. പ്രദേശത്ത് സൈന്യം സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്.

സാധാരണക്കാരെ ലക്ഷ്യംവെച്ചുള്ള തുടര്‍ ആക്രമണങ്ങളിലൂടെ കശ്മീരില്‍ ഭീതിയുടെ സാഹചര്യം ഉണ്ടാക്കാനും സാമുദായിക സൗഹാര്‍ദ്ദം തകര്‍ക്കാനുമാണ് ഭീകരര്‍ ശ്രമിക്കുന്നതെന്ന് കശ്മീര്‍ ഡിജിപി ദില്‍ബാഗ് സിങ് മാധ്യമങ്ങളോട് പറഞ്ഞു. ഭീകരാക്രമണത്തിന് പാകിസ്ഥാന്റെ സഹായം ലഭിക്കുന്നതായും അദ്ദേഹം ആരോപിച്ചു.

ഈ വര്‍ഷം ഇതുവരെ 23 സാധാരണക്കാരാണ് കൊല്ലപ്പെട്ടത്. ശ്രീനഗറില്‍ 8 പേര്‍, പുല്‍വാമയില്‍ 4 പേര്‍, അനന്ത്‌നാഗ് 4 പേര്‍, കുല്‍ഗാമില്‍ 3 പേര്‍, ബാരാമുള്ളയില്‍ 2 പേര്‍, ബഡുഗാമിലും ബന്ദിപ്പോരയിലും 1 എന്നിങ്ങിനെയാണ് കൊല്ലപ്പെട്ടവരുടെ കണക്ക്. ആക്രമണത്തെ മുന്‍ ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള അപലപിച്ചു.