ലഖിംപുര്‍ ഖേരിയില്‍ കര്‍ഷകരടക്കം ഒന്‍പതുപേര്‍ മരിച്ച സംഭവം; സുപ്രീം കോടതി സ്വമേധയാ കേസെടുത്തു

ന്യൂഡെല്‍ഹി: ഉത്തര്‍പ്രദേശിലെ ലഖിംപുര്‍ ഖേരിയില്‍ നാല്‌ കര്‍ഷകര്‍ ഉള്‍പ്പെടെ ഒന്‍പതുപേര്‍ മരിച്ച സംഭവത്തില്‍ സുപ്രീം കോടതി സ്വമേധയാ കേസെടുത്തു. ചീഫ്‌ ജസ്‌റ്റിസ്‌ എന്‍.വി. രമണ അധ്യക്ഷനായ ബെഞ്ച്‌ ഇന്നു കേസ്‌ പരിഗണിക്കും.
സംഭവത്തെക്കുറിച്ചുള്ള യു.പി. പോലീസിന്റെ അന്വേഷണത്തില്‍ കോടതി അതൃപ്‌തി പ്രകടിപ്പിച്ചു. യു.പിയില്‍നിന്നുള്ള രണ്ട്‌ അഭിഭാഷകര്‍ ചീഫ്‌ ജസ്‌റ്റിസിനയച്ച കത്തും മാധ്യമവാര്‍ത്തകളും പരിഗണിച്ചാണു കോടതി സ്വമേധയാ കേസെടുത്തത്‌.

അന്വേഷണം തുടരുകയാണെന്നും ഇതുവരെ 13 പേര്‍ക്കെതിരേ കേസെടുത്തെന്നുമാണു യു.പി. പോലീസിന്റെ നിലപാട്‌. സംഘര്‍ഷത്തെക്കുറിച്ചു സുപ്രീം കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം വേണമെന്നു കര്‍ഷകസംഘടനകള്‍ രാഷ്‌ട്രപതിക്കു നിവേദനം നല്‍കിയിരുന്നു.