ലഖിംപൂര്‍ സംഘര്‍ഷം; സ്വമേധയാ കേസെടുത്തിട്ടില്ലെന്ന് സുപ്രീം കോടതി; യുപി സര്‍ക്കാരിനോട് അറസ്റ്റ് വിവരങ്ങള്‍ ആരാഞ്ഞു

ന്യൂഡെല്‍ഹി: ലഖിംപൂര്‍ ഖേരിയില്‍ കര്‍ഷകരെ വാഹനം ഇടിപ്പിച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ സ്വമേധയാ കേസെടുത്തിട്ടില്ലെന്ന് സുപ്രീം കോടതി.അഭിഭാഷകരുടെ പരാതിക്കത്ത് പൊതുതാല്‍പ്പര്യ ഹര്‍ജിയായി പരിഗണിച്ചതാണെന്നും സുപ്രീം കോടതി പറഞ്ഞു. കേസ് പിന്നീട് പരിഗണിക്കാനായി മാറ്റി വച്ചു.

സംഭവത്തില്‍ കോടതി ഇടപെടലാവശ്യപ്പെട്ട് രണ്ട് അഭിഭാഷകരാണ് കത്ത് നല്‍കിയത്. കത്തെഴുതിയ അഭിഭാഷകര്‍ വന്ന ശേഷം കേസ് പരിഗണിക്കുമെന്നാണ് സുപ്രീംകോടതി അറിയിച്ചത്. നേരത്തെ സംഭവത്തില്‍ സുപ്രീംകോടതി സ്വമേധയാ കേസെടുത്തെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍ വന്നിരുന്നത്.

അതേസമയം സംഭവത്തില്‍ സുപ്രീംകോടതി ഉത്തര്‍പ്രദേശ് സര്‍ക്കാരിനോട് റിപ്പോര്‍ട്ട് തേടി. അടിയന്തര റിപ്പോര്‍ട്ട് നാളെ സമര്‍പ്പിക്കാന്‍ ചീഫ് ജസ്റ്റിസ് എന്‍ വി രമണ അധ്യക്ഷനായ ബെഞ്ചാണ് നിര്‍ദേശം നല്‍കിയത്. സംഭവവുമായി ബന്ധപ്പെട്ട തല്‍സ്ഥിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ആവശ്യപ്പെട്ടിട്ടുള്ളത്. അപകടത്തെ തുടര്‍ന്ന് ആരൊക്കെ മരിച്ചു, എഫ്ഐആറില്‍ ആരുടെയൊക്കെ പേരുണ്ട്, എത്ര പേരെ അറസ്റ്റ് ചെയ്തു എന്നിവയടക്കമുള്ള വിശദമായ വിവരങ്ങള്‍ റിപ്പോര്‍ട്ടില്‍ ഉണ്ടാകണമെന്നാണ് കോടതി നിര്‍ദ്ദേശം.

ലഖിംപൂര്‍ സംഭവവുമായി ബന്ധപ്പെട്ട് ഹൈക്കോടതികളിലുള്ള കേസ് സംബന്ധിച്ച വിവരവും സുപ്രീംകോടതി തേടിയിട്ടുണ്ട്. സംഘര്‍ഷത്തിനിടെ മകന്‍ കൊല്ലപ്പെട്ടതറിഞ്ഞ മാനസികാഘാതത്തില്‍ ഗുരുതരാവസ്ഥയിലായ ലവ് പ്രീത് സിങിന്റെ അമ്മയ്ക്ക് അടിയന്തര വൈദ്യസഹായം ലഭ്യമാക്കണമെന്നും ചീഫ് ജസ്റ്റിസ് യു പി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

കാര്‍ഷികനിയമങ്ങള്‍ക്കെതിരെ നടന്ന കര്‍ഷകരുടെ പ്രതിഷേധത്തിനിടയിലേക്ക് കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ വാഹന വ്യൂഹം ഇടിച്ചു കയറ്റുകയായിരുന്നു. നാല് കര്‍ഷകരുള്‍പ്പെടെ എട്ടുപേരാണ് അപകടത്തില്‍ കൊല്ലപ്പെട്ടത്. മന്ത്രിയുടെ മകന്‍ ആശിഷ് മിശ്രയാണ് ഇത്തരത്തില്‍ അപകടം ഉണ്ടാക്കിയത്. അപകടത്തില്‍ ആശിഷ് മിശ്രയുടെ പങ്ക് വ്യക്തമാക്കും വിധമുള്ള ദൃശ്യങ്ങളും ഇതിനോടകം പുറത്തുവന്നു കഴിഞ്ഞു. കര്‍ഷകരെ ഇടിച്ചുകൊന്ന വാഹനത്തിനുള്ളില്‍ മന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്ര ഉണ്ടായിരുന്നെന്നാണ് എഫ് ഐ ആറിലും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ആശിഷ് മിശ്ര കര്‍ഷകര്‍ക്ക് നേരെ വെടിയുതിര്‍ത്തതായും എഫ് ഐ ആറില്‍ പറയുന്നു. എന്നാല്‍, മന്ത്രിയുടെ മകനെതിരെ ഇത്രയധികം തെളിവ് ലഭിച്ചിട്ടും ഇയാളെ പൊലീസ് ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. സമാധാനപരമായി പ്രതിഷേധിച്ച് നടന്നുപോകുന്ന കര്‍ഷകരെ ഇടിച്ചുതെറിപ്പിച്ച് കടന്നുപോകുന്ന എസ് യു വിയുടെ ദൃശ്യങ്ങളാണ് സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.. ഇതിന് പിറകേയായി സൈറണ്‍ മുഴക്കി മറ്റൊരു വാഹനവും കടന്നുപോകുന്നുണ്ട്.